Skip to main content

ന്യൂഡല്‍ഹി: 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 21 ശതമാനം അധികമാണിത്. കമ്മീഷന്‍ ഉപ ചെയര്‍മാന് മോണ്ടെക് സിങ്ങ് അലുവാലിയായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.

 

പ്രത്യക മൂലധന വികസന നിധി രൂപീകരിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ അലുവാലിയ ശ്ലാഘിച്ചു. ഖരമാലിന്യങ്ങളുടെ നിര്‍മ്മാര്‍ജനത്തില്‍ ആസൂത്രണ കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനം താല്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

 

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് അലുവാലിയ അറിയിച്ചു. ഇത് സംബന്ധിച്ച കുറിപ്പ് അടുത്ത ആഴ്ച കേന്ദ്ര കാബിനറ്റ്‌ യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സംസ്ഥാനങ്ങളോട് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.