Skip to main content

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 18 മുതല്‍ കാസര്‍ഗോഡ്‌ നടന്നുവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തെ തുടര്‍ന്നാണ്‌ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കാനും പ്രത്യേക ട്രൈബ്യൂണല്‍ എന്ന ആവശ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും യോഗത്തില്‍ ധാരണയായി.

 

കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മന്ത്രി കെ.പി. മോഹനന്റെ നേതൃത്വത്തിലുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ എന്നിവരാണ് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തത്. സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചില്ല. തീരുമാനങ്ങള്‍ സമിതിയെ അറിയിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍, പി. കരുണാകരന്‍ എം.പി. എന്നിവരെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ സമരസമിതി നേതാക്കളുമായി ഫോണില്‍ സംസാരിച്ചതിശേഷമാണ്  സമരം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ കാസര്‍ഗോഡ്‌ പ്രഖ്യാപിച്ചത്. തുടര്‍ന്ന്  പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.മോഹന്‍ കുമാര്‍, ഗ്രോ വാസു, മോയിന്‍ ബാപ്പു എന്നിവര്‍ നിരാഹാരം അവസാനിപ്പിച്ചു.

 

മോറട്ടോറിയത്തിന്റെ ആനുകൂല്യം 5500 പേര്‍ക്കാണ് ലഭിക്കുക. ജില്ലാ കളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, സഹകരണ സംഘം ജില്ലാ രജിസ്ട്രാര്‍, എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സമിതിയെ ഇത് സംബന്ധിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരടങ്ങിയ സമിതിയാണ് ട്രൈബ്യൂണല്‍ വേണമെന്ന ആവശ്യം പരിശോധിക്കുക.

 

5500 പേരില്‍ 2295 പേര്‍ക്ക് സംസ്ഥാന സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ബാക്കി വരുന്ന 3205 പേരുടെ വിദഗ്ദ്ധ പരിശോധനക്കായി ഡോക്ടര്‍മാരുടെ സമിതിയെ നിയോഗിച്ചു. സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആനുകൂല്യം നല്‍കും. അഞ്ചുവര്‍ഷത്തിനുശേഷം ദുരിതബാധിതര്‍ക്ക് ആനുകൂല്യം തുടരില്ല എന്ന രീതിയില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.