വർഗ്ഗതവൈരുധ്യങ്ങളില്ലാത്ത ലോകം വന്നുകഴിഞ്ഞുവോ?!

ഡോ. എന്‍. ജയദേവന്‍
Saturday, June 8, 2013 - 3:33pm
ചെമ്മാനം
രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

മുമ്പൊന്നും ഒരു ഗണത്തിലും പെട്ട മുതലാളിമാർക്ക് സിപിഐ.എമ്മിന്റെ ആഭ്യന്തര നയരൂപീകരണ പ്രക്രിയയിൽ ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതിന്റെ കാരണം പാർട്ടിക്കുണ്ടായിരുന്ന കണിശമായ വർഗ്ഗ കാഴ്ചപ്പാടായിരുന്നു. ഇന്ത്യയിലെ ജന്മി-ബൂർഷ്വാ ഭരണകൂടത്തോട് വർഗ്ഗ സഹകരണ നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബല വിഭാഗം സ്വീകരിച്ചതിന്റെ പേരിലാണ് സിപിഐ.എം രൂപീകരണത്തിലേക്ക് നയിച്ച പിളർപ്പ് 1964 ൽ പാർട്ടിയിലുണ്ടായത്. അങ്ങനെയാണ് അന്ന്‍ വർഗ്ഗസഹകരണത്തിന്റെ പാത സ്വീകരിച്ച സിപിഐയെ വലതന്മാരെന്നും കമ്മ്യൂണിസത്തിന്റെ അടിസ്ഥാന സൈദ്ധാന്തിക നിലപാടായ വർഗ്ഗസമരത്തിൽ ഉറച്ചുനിന്ന സിപിഐ.എമ്മിനെ ഇടതന്മാർ എന്നും വിളിച്ചിരുന്നത്. സാമൂഹിക-സാമ്പത്തിക വികസന വിഷയങ്ങളിൽ സൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ താല്പര്യമായിരുന്നു സിപിഐ.എം നിലപാടുകളുടെ ഉരകല്ല്. അടിച്ചമർത്തപ്പെട്ടവന്റെയും കീഴാളന്റെയും താല്പര്യം സംരക്ഷിക്കുന്നതിൽ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത വർഗ്ഗനിലപാടുകളായിരുന്നു സിപിഐ.എമ്മിന് കേരളീയ സമൂഹത്തിലുണ്ടായിരുന്ന അസ്തിത്വത്തിന്റെ അടിത്തറ. ഓരോ സാമൂഹിക പ്രശ്നത്തേയും വിശകലനം ചെയ്യുന്നതിലും നിലപാട് സ്വീകരിക്കുന്നതിലും തെളിച്ചമുള്ള പ്രത്യയശാസ്ത്ര വീക്ഷണം പാർട്ടിയെ നയിച്ചിരുന്നതിനാൽ പാർട്ടിക്കുള്ളിൽ ഭിന്നതയ്ക്കോ വിഭാഗീയതയ്ക്കോ ഇടമുണ്ടായിരുന്നില്ല. ആ പാർട്ടി വലതുപക്ഷത്തിനും സമ്പന്ന വർഗ്ഗത്തിനും ഒരു പേടിസ്വപ്നമായിരുന്നു. അതേസമയം സാധാരണക്കാരന് ഒരു പ്രതീക്ഷയും സ്വപ്നവും.

 

എന്നാൽ, അടുത്തകാലത്തായി സിപിഐ.എമ്മിന്റെ നയരൂപീകരണ പ്രക്രിയയിലേക്ക് നവ സമ്പന്നവർഗ്ഗ താല്പര്യങ്ങൾ നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ വരവോടുകൂടിയാണ് ഈ പ്രവണത ശക്തിപ്പെട്ടത്. ഉദാര മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര മേൽക്കോയ്മ കേരളത്തിന്റെ ഉല്പതിഷ്ണു പാരമ്പര്യത്തിനുമേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് പുത്തന്‍ സാംസ്‌ക്കാരിക ബിംബങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഉദാര മുതലാളിത്ത സാംസ്‌കാരിക അധിനിവേശത്തിന്റെ ഇരമ്പിക്കയറ്റത്തെ ആഘോഷപൂർവ്വം വാരിപ്പുണരുകയാണ് നവ മധ്യവർഗ്ഗം. അനുകരണപ്രിയരും ആർഭാട ഭ്രാന്തരും പൊങ്ങച്ചക്കാരുമായ മധ്യവർഗ്ഗത്തിന്റെ ജീവിത കാമനകളും അഭിരുചികളും നിർണ്ണയിക്കുന്നത് ആഗോള മുതലാളിത്തത്തിന്റെ വാണിജ്യ തന്ത്രങ്ങളാണ്. സ്വാർത്ഥമോഹങ്ങളുടെ സഹയാത്രികരായ ഈ മധ്യവർഗ്ഗത്തിന്റെ താല്പര്യങ്ങളാണ് ഇന്ന്‍ കേരളത്തിലെ രാഷ്ട്രീയ അജണ്ടയായി മാറുന്നത്. അതിന്റെ കാരണം സിപിഐ.എം ഉൾപ്പെടെയുള്ള കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മധ്യവർഗ്ഗം നേടിയ മേൽക്കോയ്മയാണ്. അധഃസ്ഥിതന്റെയും ആദിവാസിയുടെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ജീവിത പ്രശ്‌നങ്ങൾ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നതിന്റെ കാരണവും ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മധ്യവർഗ്ഗവൽക്കരണമാണ്.

 

കമ്മ്യൂണിസ്റ്റ് ജീവിതമൂല്യങ്ങളുടെ മേൽ നവലിബറൽ ജീവിതമൂല്യങ്ങൾ മേൽക്കോയ്മ സ്ഥാപിക്കുന്നുവെന്ന്‍ പറഞ്ഞാൽ അതിന്റെ അർത്ഥം പാർട്ടി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം മുതലാളിത്ത വികസന സിദ്ധാന്തങ്ങൾക്ക് കീഴ്‌പ്പെടുന്നുവെന്നാണ്. ധനമുതലാളിത്തത്തിന്റെ എല്ലാ നിഗൂഢ താല്പര്യങ്ങളുടെയും നടത്തിപ്പുകാരായി രഹസ്യമായും പരസ്യമായും പ്രവർത്തിക്കാന്‍ മടിയില്ലാത്തവരായി ഇക്കൂട്ടർ സ്വയം പരുവപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ തെളിയിക്കുന്നതാണ് വിദേശ-കേരളീയ കോടീശ്വരന്മാരുടെ കച്ചവടതാല്പര്യങ്ങളുടെ പേരിൽ സിപിഐ.എമ്മില്‍ സമീപകാലത്തായി രൂപപ്പെട്ട് വരുന്ന ഭിന്നതകൾ.

 

ഈ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഒരാളായ എം.എ യൂസഫ്അലിയുടെ ഇടപ്പള്ളിയിലെ ലുലു ഹൈപ്പർ മാർക്കറ്റും ബോൾഗാട്ടിയിലെ നിർദ്ദിഷ്ട പദ്ധതിയുമായും ബന്ധപ്പെട്ട വിവാദങ്ങൾ. ഭിന്നതയുടെ ആദ്യവെടി പൊട്ടിച്ചത് സിപിഐ.എം സംസ്ഥാന കമ്മിറ്റി അംഗമായ എംഎം ലോറന്‍സാണ്. കൊച്ചി പോർട്ട് ട്രസ്റ്റ് കായൽ നികത്തിയെടുത്ത 26 ഏക്കർ സ്ഥലം യൂസഫ്അലിക്ക് കൈമാറിയത് നിയമവിരുദ്ധമാണെും സ്ഥലം തിരിച്ചെടുക്കണമെുന്നും ലോറന്‍സ് പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടു. തുടർന്നാണ് സിപിഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ലുലുമാളിനെതിരെ പ്രമേയവുമായി രംഗത്തുവന്നത്. സർക്കാർ പുറമ്പോക്കും ഇടപ്പള്ളി തോടും കയ്യേറിയാണ് ലുലു മാൾ നിർമ്മിച്ചിരിക്കുതെന്നും അതുമൂലം ഇടപ്പള്ളിക്കവലയിലെ ഗതാഗതക്കുരുക്ക് കൂടിയെന്നും അതുകൊണ്ട് ലുലുവിന്റെ ചെലവിൽ അവിടെ മേൽപ്പാലം നിർമ്മിക്കണമെന്നുമാണ് പാർട്ടി പ്രമേയം ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോഴാണ് സിപിഐ.എം വിഭാഗീയതയിൽ ഔദ്യോഗിക മറുപക്ഷത്തു നിൽക്കുയാളെന്ന്‍ അറയിപ്പെടുന്ന സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രന്‍ പിള്ള എറണാകുളം ജില്ലാ സെക്രട്ടറിയുടെയും സെക്രട്ടറിയേറ്റിന്റെയും അഭിപ്രായം പാർട്ടി നിലപാടല്ലെന്ന്‍ പരസ്യമായി പ്രഖ്യാപിച്ചത്. അതിനെത്തുടർന്ന്‍ സാക്ഷാൽ വി.എസ് അച്യുതാനന്ദന്‍ തന്നെ ലുലു മാൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന്‍ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചുകൊണ്ട് യൂസഫ് അലിക്ക് ക്ലീന്‍ സർട്ടിഫിക്കറ്റ് നൽകി. കയ്യേറ്റമുണ്ടെങ്കിൽ എന്തുകൊണ്ടാണ് കെട്ടിട നിർമ്മാണ സമയത്ത് എതിർക്കാഞ്ഞതെന്ന യുക്തിഭദ്രമായ ചോദ്യവും വിഎസ് തൊടുത്തു വിട്ടു. 4000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന ന്യായത്തിൽ ബോൾഗാട്ടി പദ്ധതിയെയും വി.എസ് അനുകൂലിച്ചു. ലോറന്‍സും ദിനേശ് മണിയും പി.രാജീവും വി.എസിന്റെ നിലപാട് കാര്യങ്ങളെ സംബന്ധിച്ച് അറിവില്ലായ്മ കൊണ്ടാണെന്ന്‍ പ്രതികരിച്ചു. വിഎസ് തന്റെ നിലപാട് ആവർത്തിച്ചു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി പോർട്ട് ട്രസ്റ്റ് സ്റ്റാഫ് യൂണിയന്‍ നേതാവ് നന്ദകുമാർ ട്രസ്റ്റ് യോഗത്തിൽ ബോൾഗാട്ടി പ്രശ്നത്തിൽ ലോറന്‍സിന്റെ നിലപാടിനെതിരെ മാനേജ്‌മെന്റിന് ഒപ്പം വോട്ട് ചെയ്തു. ലോറന്‍സിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കാന്‍ പോർട്ട് ട്രസ്റ്റ് തീരുമാനിച്ചത് ഈ യോഗത്തിലാണ്. ഏറ്റവും ഒടുവിലായി പാർട്ടി സെക്രട്ടറി പിണറായി വിജയന്‍ യൂസഫ്അലിയുടെ മഹാമനസ്‌കതയുടെ അപദാനങ്ങൾ വർണ്ണിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തെ ഭംഗ്യന്തരേണ തള്ളിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് 'യൂസഫ്അലി ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ അതിൽ കുറ്റക്കാരന്‍ യൂസഫ്അലിയല്ല, കളമശ്ശേരി നഗരസഭയാണെന്നാണ്.' അവിഹിത മാർഗ്ഗങ്ങളിലൂടെ അനർഹരായ പല പുത്തന്‍ പണക്കാരും സ്വന്തമാക്കുന്ന 'പത്മ' അംഗീകാരങ്ങളുടെ മഹത്വത്തെക്കുറിച്ചും പിണറായി വാചാലാനായി. ഇങ്ങനെ സിപിഐ.എം നേതാക്കൾ ഒരു സമ്പന്നനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവന യുദ്ധം നടത്തുന്ന പരിഹാസ്യ നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

 

ravi pilla and yusuf aliലുലുമാളിന് നിയമപരമായാണ് അനുവാദം നൽകിയതെന്ന വി.എസിന്റെ നിലപാട് ന്യായമായിരിക്കാം. നിയമപരമായ അനുവാദത്തിന്റെ മറവിലാണല്ലോ മിക്കപ്പോഴും കയ്യേറ്റങ്ങള്‍ നടക്കുന്നത്. ലുലു ഭൂമിയും തോടും കയ്യേറിയതായി കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് ഒരു വർഷം മുമ്പ് തന്നെ ഔദ്യോഗികമായി പരാതിപ്പെട്ടതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. പക്ഷേ, ജനങ്ങളോട് പ്രതിബദ്ധതയുള്ള സിപിഐ.എം എന്തുകൊണ്ടാണ് ഇതുവരെ നിശബ്ദത പുലർത്തിയതെന്നത് ഒരു പ്രഹേളിക തന്നെയായി തുടരുന്നു. അതുപോലെ തന്നെയാണ് ബോൾഗാട്ടി വിഷയവും. കൊച്ചിയിലെ പൊതുജനങ്ങൾക്ക് വിശ്രമത്തിനും ഉല്ലാസത്തിനും പാർക്കും മറ്റും നിർമ്മിക്കാനെന്നു പറഞ്ഞാണ് പോർട്ട് ട്രസ്റ്റ് കായൽ നികത്തി ഇന്ന്‍ വിവാദമായിരിക്കുന്ന ഭൂമി വികസിപ്പിച്ചത്. കായൽ നികത്തിയതു തന്നെ പരിസ്ഥിതി വിരുദ്ധമായ നടപടിയാണ്. ആ ഭൂമി ബിസിനസ്സ് ഗ്രൂപ്പിന് കൈമാറുന്നത് അതിനെക്കാൾ ജനവിരുദ്ധമായ നടപടിയാണ്. വാസ്തവത്തിൽ ജനതാല്പര്യത്തെ അവഗണിച്ചുകൊണ്ട് ഭൂമിയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകൾക്ക് തീറെഴുതി കൊടുക്കുകയെന്ന കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയത്തിന്റെ ഭാഗമാണ് പോർട്ട് ട്രസ്റ്റിന്റെ ഭൂമി കൈമാറ്റവും. ഇന്ത്യയിലെമ്പാടും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ ജനവിരുദ്ധ വികസന നയത്തെ യോജിക്കാവുന്ന എല്ലാ സാമൂഹിക ശക്തികളെയും യോജിപ്പിച്ചുകൊണ്ട് ഒറ്റക്കെട്ടായി എതിർക്കേണ്ടതിനു പകരം ഒരു ശതകോടീശ്വരന്റെ പേരിൽ പാർട്ടി നേതാക്കൾ ചേരിതിരിഞ്ഞു തമ്മിലടിക്കുന്ന അവസ്ഥ സൂചിപ്പിക്കുന്നത് പ്രസ്ഥാനത്തെ ബാധിച്ച അന്യവർഗ്ഗ സ്വാധീനത്തിന്റെയും ബൂർഷ്വാ ജീർണ്ണതയുടെയും പാരമ്യത്തെയാണ്.

 

യൂസഫ് അലിയുടേത് സിപിഐ.എമ്മിലെ ഒരു ഒറ്റപ്പെട്ട സംഗതിയല്ല. മറ്റൊരു ഗൾഫ്-മലയാളി കോടീശ്വരനായ രവിപിള്ളയും കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട വിഷയത്തിലും സിപിഐ.എമ്മിലെ ഈ ചേരിതിരിവ് പ്രകടമാണ്. കോവളം കൊട്ടാരത്തോടനുബന്ധിച്ചുള്ള 16 ഏക്കർ ഭൂമി രവിപിള്ളയ്ക്ക് പോക്കുവരവ് ചെയ്തു കൊടുത്ത നിയമവിരുദ്ധ നടപടിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ അല്ലാതെ  സിപിഐ.എം ഔദ്യോഗിക നേതൃത്വം ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. കോവളം കൊട്ടാരപ്രശ്‌നത്തിൽ വമ്പന്‍ സമരം നയിച്ച സിപിഐ.എം തിരുവന്തപുരം ജില്ലാ കമ്മിറ്റിയും അർത്ഥവത്തായ മൗനത്തിലാണ്. പല ഉന്നത നേതാക്കന്മാരുടെയും നാവിന്റെ താക്കോൽ രവിപിള്ളയുടെ കീശയിലാണെന്നാണ് പൊതുജന സംസാരം. സമാനമായ സമീപനം തന്നെയാണ് അട്ടപ്പാടിയിലെ കാറ്റാടി കമ്പനിയായ സുസ്ലോണ്‍, ആദിവാസി ഭൂമി കയ്യേറിയതായി ആരോപണമുണ്ടായപ്പോഴും സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചെയ്തത്. കമ്പനി നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന്‍ പ്രമേയത്തിലൂടെ പ്രഖ്യാപിക്കുകയാണ് പാർട്ടി ചെയ്തത്. ആദിവാസി താല്പര്യത്തിനൊപ്പം നില്‌ക്കേണ്ട പാർട്ടി എന്തിനാണ് ചാടിക്കയറി സുസ്ലോണ്‍ കമ്പനിക്കനുകൂലമായി പ്രമേയം പാസ്സാക്കിയതെന്നത് ഇപ്പോഴും ദുരൂഹമാണ്.

 

ഇതെല്ലാം കാണിക്കുന്നത് നവ ഉദാരമുതാളിത്തത്തിന്റെ പ്രേതം സിപിഐ.എമ്മിലെ പ്രബല വിഭാഗത്തെ ആവാഹിച്ചിരിക്കുന്നുവെന്നാണ്. പാർട്ടിക്കുള്ളിലേക്ക് നുഴഞ്ഞുകയറി വിഭാഗീയതയെ മൂര്‍ച്ഛിപ്പിച്ച് പ്രസ്ഥാനത്തെ ശിഥിലീകരിക്കുന്നതിലൂടെ തങ്ങളുടെ ചൂഷണതാല്പര്യം എതിർപ്പില്ലാതെ നടപ്പാക്കുന്നതിൽ വിദേശ-കേരളീയ കോടീശ്വരന്മാർ വിജയിക്കുന്നു. അതേസമയം നവ ഉദാരണവൽക്കരണത്തിന്റെ വക്താക്കളായി പാർട്ടി നേതൃത്വത്തിൽ പിടിമുറുക്കുന്ന പ്രച്ഛന്ന വേഷധാരികൾ തല്ലിയുടയ്ക്കുന്നത് ചൂഷിത-നിരാലംബ ലക്ഷങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമാണ്.

Tags: