ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ല: സക്കര്‍ബര്‍ഗ്

Glint staff
Wed, 11-04-2018 05:51:53 PM ;
New york

zuckerburg

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ലെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റിന് മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു സക്കര്‍ബര്‍ഗ്. തങ്ങള്‍ പരസ്യക്കാര്‍ക്ക് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ കൈമാറാറുണ്ടെന്നത് തെറ്റിദ്ധാരണ മാത്രമാണ്, പരസ്യക്കാര്‍ ആവശ്യപ്പെടുന്ന ആളുകളിലേക്ക് പരസ്യം എത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യാറ്.താന്‍ ഫെയ്‌സ്ബുക്ക് മേധാവിയായിരിക്കുന്നിടത്തോളം കാലം പരസ്യക്കാര്‍ക്ക് അമിത പ്രാധാന്യം നല്‍കില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

 

ഫെയ്‌സ്ബുക്ക് യൂസര്‍ എഗ്രിമെന്റ് ഒന്നിനും കൊള്ളാത്തതാണെന്ന് സെനറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സെനറ്റര്‍ ജോണ്‍ നീലി കെന്നഡിയാണ് യൂസര്‍ എഗ്രിമെന്റിനെതിരെ രംഗത്ത് വന്നത്. യൂസര്‍ എഗ്രിമെന്റ് ഉപയോക്താക്കളെ അവരുടെ അവകാശങ്ങള്‍ അറിയിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് ഫെയ്‌സ്ബുക്കിന്റെ യഥാര്‍ത്ഥ മുഖം മറച്ചു വെക്കുന്നതിനാണെന്ന് കെന്നഡി പറഞ്ഞു. ഇക്കാര്യം ഇപ്പോള്‍ എനിക്കുമറിയാം നിങ്ങള്‍ക്കുമറിയാം അതുകൊണ്ട് താങ്കള്‍ വീട്ടില്‍ പോയി അത് മാറ്റി  എഴുതുകയായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

 

ഫെയ്‌സ്ബുക്ക് ലോഗൗട്ട് ചെയ്ത ശേഷവും ഉപയോക്താക്കളുടെ ബ്രൗസിംഗ് ആക്റ്റിവിറ്റി പരിശോധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സക്കര്‍ബര്‍ഗിന് നല്‍കാനായില്ലെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനോട്, അമേരിക്കന്‍ സര്‍ക്കാര്‍ വിവിധ നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദേശരാജ്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് "എന്നിട്ടും അവരെന്നെ ക്രിമിനല്‍ എന്നു വിളിക്കുന്നു".

 

 

Tags: