യുക്രെയിനെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിൻറെ എല്ലാ നഗരങ്ങളിലും ഒരേ സമയം വൻ സ്ഫോടനങ്ങൾ നടത്തിക്കൊണ്ട് റഷ്യയുടെ യുദ്ധം തുടരുന്നു.തലസ്ഥാനനഗരമായ കീവിൽനിന്ന് ജനങ്ങൾ വൻതോതിൽ പലായനം ആരംഭിച്ചു. വിദേശികളുൾപ്പടെ നല്ലൊരു വിഭാഗം ജനങ്ങളും കീവിൽ അകപ്പെട്ട അവസ്ഥയാണ്. കീവ് നഗരം വാഹനങ്ങളുടെ നിര കൊണ്ട് ചലന രഹിതമായി. കാരണം പെട്രോൾ ബങ്കുകൾ ഒന്നും വ്യാഴാഴ്ച തുറന്നിട്ടില്ല. അതുപോലെതന്നെ കടകളും. വൻ സ്ഫോടനങ്ങളാണ് കീവ് നഗരത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഉക്രൈൻ പ്രസിഡൻറ് സെലൻസ്കി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ആരും സംഭ്രമിക്കേരുതെന്നും ഏതു ശക്തിയെയും തോൽപ്പിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. അന്നേരവും കീവിൽ പലയിടങ്ങളിലും സ്ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു
വ്യാഴാഴ്ച വൈകിട്ട് വരെ റഷ്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ ആക്രമണമാണ്. മധ്യ യുക്രയിൻ ഉൾപ്പെടെ യുക്രൈൻ്റെ എല്ലാ നഗരങ്ങളിലും വൻ സ്ഫോടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഉൾപ്പെടെ കരുതിയത് യുക്രൈൻ്റെ കിഴക്കൻ ഭാഗം കേന്ദ്രീകരിച്ച് മാത്രമായിരിക്കും റഷ്യ യുദ്ധമുഖം തുറക്കുക എന്നതായിരുന്നു. എന്നാൽ യുക്രൈനെ പൂർണ്ണമായും കീഴ്പ്പെടുത്തുക എന്നത് തന്നെയാണ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുതിൻ്റെ ലക്ഷ്യം. അദ്ദേഹത്തിൻറെ യുദ്ധ പ്രഖ്യാപനത്തിൽ അത് വ്യക്തമാകുകയും ചെയ്തു. കാരണം യുക്രൈൻ്റെ ഭാഗത്തുനിന്നുള്ള ഭീഷണി കണക്കിലെടുക്കുമ്പോൾ തങ്ങൾക്ക് ആക്രമണം അല്ലാതെ മറ്റു വഴിയില്ല എന്നായിരുന്നു പൂതിൻറെ ന്യായീകരണം.