ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി. 60ല്‍ 49 സീറ്റുകളും നേടി ത്രിപുരയില്‍ ഇടതുപക്ഷം തുടര്‍ച്ചയായ അഞ്ചാം വിജയം കുറിച്ചു. നാഗാലാന്റില്‍ മൂന്നാം തവണയും നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഭരണം നിലനിര്‍ത്തി. 60ല്‍ 37 സീറ്റുകളാണ് എന്‍.പി.എഫ്. നേടിയത്. 60ല്‍ 29 സീറ്റുകള്‍ ലഭിച്ച മേഘാലയയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും. ഇവിടെ സ്വതന്ത്രര്‍ അടക്കമുള്ള ചെറുപാര്‍ട്ടികള്‍ 21 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.
ത്രിപുരയില്‍ സി.പി.ഐ.എം. നേതൃത്വത്തിലുള്ള ഇടതുസഖ്യത്തിനു കഴിഞ്ഞതവണത്തേക്കാള്‍ അധികം വോട്ടു ലഭിച്ചു. 1998 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന മണിക് സര്‍ക്കാറിനുള്ള അംഗീകാരം കൂടിയായി ഈ വിജയം. കോണ്‍ഗ്രസ്സിന് പത്തു സീറ്റുകളും സി.പി.ഐ.ക്ക് ഒരു സീറ്റും ലഭിച്ചു.
കഴിഞ്ഞ തവണത്തേക്കാള്‍ 11 സീറ്റുകള്‍ അധികം നേടിയാണ് നാഗാലാന്റില്‍ എന്‍.പി.എഫ്. അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് എട്ടുസീറ്റും എന്‍.സി.പി. നാലു സീറ്റും നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ ഒരു സീറ്റിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
രാഷ്ട്രീയ അസ്ഥിരതക്ക് പേരുകേട്ട മേഘാലയില്‍ മുഖ്യമന്ത്രി മുകുള്‍ സങ്മ നയിക്കുന്ന കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം നേടാനായില്ല. എന്നാല്‍ പ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (യു.ഡി.പി.) എട്ടുസീറ്റേ ലഭിച്ചുള്ളൂ എന്നത് കോണ്ഗ്രസ്സിന്ആശ്വാസം പകരും. സംസ്ഥാനം നിലവില്‍ വന്ന 1972 മുതലുള്ള 41 വര്‍ഷങ്ങളില്‍ 23 മുഖ്യമന്ത്രിമാരാണ് മേഘാലയ ഭരിച്ചത്.