Skip to main content
Ad Image
ന്യൂഡല്‍ഹി

manmohan singhകല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി സമന്‍സ് പുറപ്പെടുവിച്ചതിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‍ ഒഴിവാക്കണമെന്ന്‍ സിങ്ങ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

മാര്‍ച്ച് 11-ന് മന്‍മോഹന്‍ സിങ്ങ് അടക്കം ആറുപേരെ ഹിന്‍ഡാല്‍കൊ കേസില്‍ പ്രതിചേര്‍ത്ത കോടതി ഇവരോട് ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബിര്‍ള ഗ്രൂപ്പിലെ ഹിന്‍ഡാല്‍കൊ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 2005-ല്‍ ഒഡിഷയിലെ തലബിര കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. മന്‍മോഹന്‍ സിങ്ങാണ് ഈ സമയത്ത് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.

 

ഹിന്‍ഡാല്‍കൊ കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി പരഖ് എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സിങ്ങിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും ക്രിമിനല്‍ ഗൂഡാലോചന, അഴിമതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐയുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്.

 

കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ ജനുവരിയില്‍ സമര്‍പ്പിച്ച അവസാന റിപ്പോര്‍ട്ടില്‍ ആരേയും വിചാരണ ചെയ്യാന്‍ തക്കതായ തെളിവ് ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് തള്ളിയാണ് പ്രത്യേക കോടതി സിങ്ങ് അടക്കമുള്ളവരെ പ്രതി ചേര്‍ത്തത്.

Tags
Ad Image