ഗാന്ധിജി ബ്രിട്ടിഷ് എജന്റെന്നു മാര്‍ക്കണ്ഠേയ കട്ജു

Tue, 10-03-2015 04:11:00 PM ;

 

മഹാത്മാ ഗാന്ധിയെ ബ്രിട്ടിഷ് എജന്റെന്ന് വിശേഷിപ്പിച്ച് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഠേയ കട്ജു. ചൊവ്വാഴ്ച തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കട്ജുവിന്റെ വിമര്‍ശനം. ഗാന്ധിജി ഇന്ത്യക്ക് ഏറെ ദോഷം ചെയ്തതായും കട്ജു കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്തിയ ഗാന്ധിജിയുടെ നടപടി ബ്രിട്ടിഷുകാരുടെ വിഭജിച്ച് ഭരിക്കുകയെന്ന നയത്തെ സഹായിച്ചതായും ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങള്‍ തികച്ചും പിന്തിരിപ്പന്‍ ആണെന്നും കട്ജു പറയുന്നു.

 

ഏതാനും ദശകങ്ങള്‍ തുടര്‍ച്ചയായി രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്തിയ ഗാന്ധിജിയുടെ നടപടി ബ്രിട്ടിഷുകാരുടെ വിഭജിച്ച് ഭരിക്കുകയെന്ന നയത്തെ സഹായിക്കുകയായിരുന്നുവെന്ന് കട്ജു വിലയിരുത്തുന്നു. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത് മുതല്‍ 1948-ല്‍ മരിക്കുന്നത് വരെ ഏതാണ്ടെല്ലാ പ്രസംഗത്തിലും ലേഖനത്തിലും ഗാന്ധിജി രാമരാജ്യം, പശുരക്ഷ, ബ്രഹ്മചര്യം, വര്‍ണ്ണാശ്രമ ധര്‍മ്മം തുങ്ങിയ ഹിന്ദുമത ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നതായി കട്ജു ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു യാഥാസ്ഥിതിക മുസ്ലിം വിശ്വാസികളുടെ മനസ്സില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കിയിട്ടുണ്ടാകുക എന്ന്‍ കട്ജു ചോദിക്കുന്നു. മുസ്ലിം ലീഗ് പോലുള്ള സംഘടനകളിലേക്ക് അവരെ നയിച്ചത് ഈ ശൈലിയായിരുന്നുവെന്ന് കട്ജു പറയുന്നു.

 

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടിഷ് ഭരണത്തിനെതിരെ ഇന്ത്യയില്‍ ആരംഭിച്ച വിപ്ലവകര മുന്നേറ്റങ്ങളില്‍ നിന്ന്‍ സ്വാതന്ത്ര്യ സമരത്തെ സത്യാഗ്രഹം എന്ന പാതയിലേക്ക് വഴിതിരിച്ചുവിട്ടതിലൂടെയും ഗാന്ധിജി ബ്രിട്ടിഷുകാരെ സഹായിക്കുകയായിരുന്നുവെന്ന് കട്ജു നിരീക്ഷിക്കുന്നു. സത്യാഗ്രഹ സമരം നിരുപദ്രവകരവും അസംബന്ധകരവുമാണെന്നാണ് കട്ജു വിശേഷിപ്പിക്കുന്നത്.           

 

സാമ്പത്തിക രംഗത്ത് ഗാന്ധിജി നിര്‍ദ്ദേശിച്ചത് സ്വാശ്രയ ഗ്രാമ സമൂഹങ്ങളുടെ രൂപീകരണമാണ്. എന്നാല്‍, ഈ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ജാതീയവും ജന്മികളുടേയും പണം കടം കൊടുക്കുന്നവരുടേയും പിടിയില്‍ ആയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നതാണെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു. വ്യവസായ വല്‍ക്കരണത്തെ എതിര്‍ത്ത് ഗാന്ധിജി മുന്നോട്ടുവെച്ച ചര്‍ക്കയില്‍ നൂല്‍ നൂല്‍ നൂല്‍ക്കല്‍ പോലുള്ള പരിപാടികള്‍ പിന്തിരിപ്പന്‍ മണ്ടത്തരങ്ങളാണെന്ന് കട്ജു പരിഹസിക്കുന്നു. അദ്ദേഹത്തിന്റെ ഊരായ്മ സിദ്ധാന്തവും മണ്ടത്തരവും ജനങ്ങളെ പറ്റിക്കുന്നതുമായിരുന്നുവെന്ന് കട്ജു കൂട്ടിച്ചേര്‍ത്തു.

 

വിഭജനത്തെ തുടര്‍ന്നുണ്ടായ സമുദായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നവഖാലിയിലേക്ക് പോയ ഗാന്ധിജിയുടെ നടപടിയേയും കട്ജു ചോദ്യം ചെയ്യുന്നു. ജനങ്ങളെ മതപരമായി വിഭജിക്കാന്‍ ഇടയാക്കുന്ന രീതിയില്‍ മത ആശയങ്ങള്‍ വര്‍ഷങ്ങളോളം പൊതുവേദികളില്‍ പ്രസംഗിച്ചതിലൂടെ വീടിന് തീ പിടിപ്പിക്കാന്‍ ഗാന്ധിജി എന്തിന് ഇടയാക്കിയെന്ന്‍ ചോദിക്കണമെന്ന് കട്ജു പറയുന്നു.

Tags: