പാകിസ്ഥാനില്‍ നിന്ന്‍ സംഭാവന: ഹുറിയത്ത് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ കേസെടുത്തു

Fri, 19-05-2017 12:28:53 PM ;

ലഷ്കര്‍ ഇ ത്വൈബ നേതാവ് ഹാഫിസ് സയീദ്‌ അടക്കമുള്ള പാകിസ്ഥാനി വൃത്തങ്ങളില്‍ നിന്ന്‍ ജമ്മു കശ്മീരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ കശ്മീരി വിഘടനവാദി സംഘമായ ഹുറിയത്ത് കോണ്‍ഫറന്‍സിലെ പ്രധാന നേതാക്കള്‍ക്കെതിരെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു.

 

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ സയ്യിദ് അലി ഷാ ഗീലാനി, നയീം ഖാന്‍, ഗാസി ജാവേദ് ബാബ, ഫാറൂഖ് അഹ്മദ് ദാര്‍ എന്നിവരുടെ പേര്‍ ചേര്‍ത്ത ഏജന്‍സി ഇവരെ വൈകാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.   

 

കഴിഞ്ഞ ജൂലൈ മുതല്‍ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായി കല്ലെറിയാനും സ്കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും കത്തിക്കാനും പാകിസ്ഥാന്‍ വൃത്തങ്ങളില്‍ നിന്ന്‍ ലഭിച്ച പണം വിതരണം ചെയ്തിട്ടുള്ളതായി എന്‍.ഐ.എ സംശയിക്കുന്നു. ഹവാല മാര്‍ഗ്ഗത്തിലൂടെയാണ് പണം എത്തിച്ചതെന്നും ഏജന്‍സി കരുതുന്നു. സംഭാവനകളുടെ ഉറവിടമായി സയീദിന്‍റെ പേര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.   

Tags: