Skip to main content

മുസ്ലിം സമുദായത്തിലെ മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നീ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു. മുത്തലാഖ് ഇസ്ലാം മതത്തില്‍ മൗലികമായിട്ടുള്ളതാണോ എന്ന്‍ പരിശോധിക്കുമെന്ന് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് കോടതി പറഞ്ഞു. അതേസമയം, മുത്തലാഖുമായി ബന്ധപ്പെട്ടത് അല്ലാത്തതിനാല്‍ ബഹുഭാര്യത്വം കോടതി പരിഗണിച്ചേക്കില്ലെന്ന സൂചനയും ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ നല്‍കി.   

 

കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി സമ്പ്രദായത്തോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ചു. സ്ത്രീസമത്വത്തിനും ലിംഗനീതിയ്ക്കും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് രോഹ്തഗി പറഞ്ഞു.

 

അതേസമയം, വിഷയം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി ഇതില്‍ ഇടപെടരുതെന്നും ബോര്‍ഡിനു വേണ്ടി ഹജാരായ കപില്‍ സിബല്‍ പറഞ്ഞു.

 

പരാതിക്കാരില്‍ ഒരാളായ സൈറാ ബാനുവിന്റെ വക്കീല്‍ അമിത് സിങ്ങ് ചദ്ധയാണ് വാദം ആരംഭിച്ചത്. വാദം കേള്‍ക്കല്‍ മെയ് 15-ന് തുടരും.

 

ഓരോ ജഡ്ജിയും സിഖ്, കൃസ്ത്യന്‍, പാഴ്സി, ഹിന്ദു, മുസ്ലിം എന്നിങ്ങനെ വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന് പ്രത്യേകതയും സുഒരീം കോടതി ബഞ്ചിനുണ്ട്.