കാലിത്തീറ്റ കേസില്‍ ലാലു ഇനിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

Mon, 08-05-2017 01:34:05 PM ;

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. വിചാരണ ഒന്‍പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സി.ബി.ഐ.യ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ പ്രതിയാണ്.

 

കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ട കുറ്റത്തിന് വീണ്ടും വിചാരണ പാടില്ലെന്നതിനാല്‍ മറ്റു കേസുകളില്‍ നിന്ന്‍ ഒഴിവാക്കണമെന്ന ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി തള്ളി.

 

1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന്‍ വ്യാജരേഖ ചമച്ച് പണം പിന്‍വലിച്ചതുമായ ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി. നേരത്തെ, 1994-95 കാലയളവില്‍ ചായ്ബാസ ട്രഷറിയില്‍ നിന്ന്‍ സമാനമായ രീതിയില്‍ നടന്ന വെട്ടിപ്പിലാണ് ലാലുവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. രണ്ട് സംഭവങ്ങളും രണ്ട് കാലയളവില്‍ നടന്നതാണെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ച് ഇവയെ ഒന്നായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു.   

 

അപ്പീലിനെ തുടര്‍ന്ന്‍ നിലവില്‍ ജാമ്യത്തില്‍ ജയിലിന് പുറത്തിറങ്ങിയിരിക്കുകയാണ് ലാലു. എന്നാല്‍, ശിക്ഷയെ തുടര്‍ന്ന്‍ ലാലുവിന് എം.പി സ്ഥാനം നഷ്ടപ്പെടുകയും 11 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് വരികയും ചെയ്തു.

 

കാലിത്തീറ്റ വാങ്ങാതെ വാങ്ങിയതായി വ്യാജരേഖകള്‍ ഉണ്ടാക്കി 900 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ സംഭവമാണ് കാലിത്തീറ്റ കുംഭകോണം.

Tags: