Skip to main content

ജമ്മു കശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ക്രമസമാധാന നിലയും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നല്‍കാനില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടും പരിഗണിച്ചാണ് നടപടി.

 

സംസ്ഥാന പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ 687 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ 54 കമ്പനിയ്ക്ക് പുറമേ 250 കമ്പനി സേനയെ കൂടിയേ നല്‍കാന്‍ കഴിയൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.  

 

300 കമ്പനി സേനയുടെ സുരക്ഷയോടെ ഏപ്രില്‍ ഒന്‍പതിന് നടത്തിയ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സര്‍വ്വോപരി ഏഴു ശതമാനം പോളിംഗ് മാത്രമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന്‍ ഏപ്രില്‍ 12-ന് നടത്താനിരുന്ന അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ് 25-ലേക്ക് നീട്ടിവെക്കുകയായിരുന്നു.