എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മില്‍ ലയിക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വി.കെ ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലെ പല എം.എല്‍.എമാരും ഒ. പന്നീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശത്തോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി ചൊവ്വാഴ്ച പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ശശികല വിഭാഗത്തിലെ നേതാക്കള്‍ ലയന ചര്‍ച്ചയ്ക്ക് സമീപിക്കുമെന്ന് പന്നീര്‍സെല്‍വം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും ശശികല വിഭാഗത്തിലെ പ്രധാനിയുമായ എം. തമ്പിദുരൈ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പന്നീര്‍സെല്‍വം മുന്നോട്ടുവന്നാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് തമ്പിദുരൈ പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു തമ്പിദുരൈയുടെ പ്രസ്താവന.
ലയനമുണ്ടായാല്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരിലെ ജയിലില്‍ തടവില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പകരം പന്നീര്‍സെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കുമെന്നും ധനമന്ത്രിയാക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ശശികലയുടെ ബന്ധുവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന്റെ നേതൃത്വത്തിനെതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ തുടര്‍ന്നുള്ള നടപടികളുടെ പശ്ചാത്തലത്തില്‍ ശശികല വിഭാഗത്തില്‍ എതിര്‍പ്പ് ശക്തമാകുകയാണ്.
രണ്ടില ചിഹ്നം ലഭിക്കുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസ് ദിനകരനെതിരെ കേസെടുത്തിട്ടുണ്ട്. ദിനകരന്‍ സ്ഥാനാര്‍ഥിയായിരുന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വ്യാപകമായ കോഴ വിതരണത്തെ തുടര്‍ന്ന്‍ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാന മന്ത്രി സി. വിജയഭാസ്കറിന്‍റെ വീട്ടില്‍ നിന്ന്‍ പണവും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.