Skip to main content

ശ്രീനഗര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 7.14 ശതമാനം വോട്ടര്‍മാര്‍ മാത്രം. വിഘടനവാദ സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ സൈനികര്‍ അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് നാല് സ്ഥലങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഔദ്യോഗിക കണക്ക് അനുസരിച്ച് 200 സാധാരണക്കാര്‍ക്കും 100 സൈനികര്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.   

 

സാധാരണയായി ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്താറുള്ള ബാദ്ഗം ജില്ലയിലാണ് ഇത്തവണ പ്രതിഷേധവും കല്ലേറും ശക്തമായിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ 59.11 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. മണ്ഡലം ഉള്‍ക്കൊള്ളുന്ന ശ്രീനഗര്‍, ഗണ്ടെര്‍ബാല്‍ ജില്ലകളില്‍ സ്ഥിതി പൊതുവേ സമാധാനപരമായിരുന്നുവെങ്കിലും ആളുകള്‍ വോട്ട് ചെയ്യാനാത്തിയില്ല. 2014 പൊതുതെരഞ്ഞെടുപ്പില്‍ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ 26 ശതമാനമായിരുന്നു പോളിംഗ്.