Skip to main content
Ad Image

കശ്മീരിലെ ബദ്ഗാമില്‍ ചൊവ്വാഴ്ച തീവ്രവാദിയുമായി ഏറ്റുമുട്ടിയ സി.ആര്‍.പി.എഫ് സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായി. സേന ഇവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. മറ്റ് 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ 40 സി.ആര്‍.പി.എഫ് സൈനികര്‍ക്കും 20 പോലീസുകാര്‍ക്കും പരിക്കേറ്റതായി സി.ആര്‍.പി.എഫ് അറിയിച്ചു. ഏറ്റുമുട്ടലില്‍ തീവ്രവാദിയെ വധിച്ചിട്ടുണ്ട്.

 

സംഭവത്തില്‍ പ്രതിഷേധിച്ച് വിഘടനവാദ സംഘടനകള്‍ ബുധനാഴ്ച സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

 

തീവ്രവാദികള്‍ തങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ചദൂര ഭാഗത്ത് സൈനികര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇവിടെ കുടുങ്ങിയ ഒരു തീവ്രവാദി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സൈന്യം പ്രത്യാക്രമണം നടത്തുകയുമായിരുന്നുവെന്ന് സി.ആര്‍.പി.എഫ് പറയുന്നു. ഇതോടെ പ്രദേശവാസികള്‍ സൈന്യത്തിന് നേര്‍ക്ക് കല്ലേറ് തുടങ്ങി. സ്വതന്ത്ര കശ്മീരിനായും തീവ്രവാദികളെ അനുകൂലിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു കല്ലേറ്.

 

ഏറ്റുമുട്ടല്‍ നടക്കുന്നതിന് സമീപം തടിച്ചുകൂടി സൈന്യവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന രീതി കഴിഞ്ഞ വര്‍ഷം മുതലാണ് കശ്മീരില്‍ കണ്ടുതുടങ്ങിയത്. കരസേനാ മേധാവി ബിപോന്‍ റാവത്ത് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഈ പ്രവണത തുടരുകയാണ്.

Tags
Ad Image