Skip to main content

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍ പി. ധനപാല്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. പഴനിസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ ഡി.എം.കെ അംഗങ്ങളെ പുറത്താക്കിയായിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 122 എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

 

എ.ഐ.എ.ഡി.എം.കെയുടെ 134 എം.എല്‍.എമാരില്‍ ഒ. പന്നീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന 11 പേരൊഴികെയുള്ളവരാണ് വോട്ട് ചെയ്തത്. സഭയില്‍ നിന്ന്‍ പുറത്താക്കിയതിനെ തുടര്‍ന്ന്‍ പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടു. കോണ്‍ഗ്രസും സഭ ബഹിഷ്കരിച്ചു.

 

പന്നീര്‍സെല്‍വം വിഭാഗവും പ്രതിപക്ഷവും വോട്ടെടുപ്പ് നീട്ടിവെക്കണമെന്നും രഹസ്യ ബാലറ്റ് മുഖേന വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ പി. ധനപാല്‍ ഇത് തള്ളി. ഇതിനെ തുടര്‍ന്ന്‍ ഡി.എം.കെ അംഗങ്ങള്‍ സ്പീക്കറെ ഉപരോധിച്ചു. കസേരകളും സ്പീക്കറുടെ മുന്നിലെ മൈക്രോഫോണും അംഗങ്ങള്‍ തകര്‍ത്തു. ഡി.എംകെ അംഗം കു.കാ ശിവന്‍ സ്പീക്കറുടെ കസേരയില്‍ ഇരുന്നു. തുടര്‍ന്ന്‍ സ്പീക്കര്‍ സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോകുകയും സഭ ഒരു മണി വരെ നിര്‍ത്തിവെക്കുകയും ചെയ്തു. ഒരു മണിയ്ക്ക് സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളത്തിന് അയവ് വന്നില്ല. ഇതോടെ ഡി.എം.കെ എം.എല്‍.എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ ഉത്തരവിടുകയും സഭ മൂന്ന്‍ മണി വരെ നിര്‍ത്തിവെക്കുകയും ചെയ്തു.

  

വ്യാഴാഴ്ചയാണ് പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി കണ്ടെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്ക് പകരം പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭ രൂപീകരിക്കാന്‍ അദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

 

എന്നാല്‍, ഒരു വിഭാഗം എം.എല്‍.എമാര്‍ പന്നീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിര്‍ദ്ദേശിക്കുകയായിരുന്നു.