നിയന്ത്രണരേഖ കടന്ന്‍ മുന്‍പും ആക്രമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി

Wed, 19-10-2016 03:27:22 PM ;

ജമ്മു കശ്മീരില്‍ ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്ന് സൈന്യം മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍. വിദേശകാര്യ പാര്‍ലിമെന്ററി സമിതിയുടെ മുന്നില്‍ ചൊവ്വാഴ്ച ജയശങ്കര്‍ നടത്തിയ പ്രസ്താവന സമിതിയിലെ പ്രതിപക്ഷ എം.പിമാരാണ് പുറത്തുവിട്ടത്.

 

നിയന്ത്രണരേഖ കടന്ന് മുന്‍പ് ആക്രമണമുണ്ടായിട്ടില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ അവകാശവാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന. കൃത്യമായ ലക്ഷ്യങ്ങളില്‍ പരിമിതമായ അളവില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറം ഇന്ത്യന്‍ സൈന്യം മുന്‍പും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ സെപ്തംബര്‍ 28-29 രാത്രി നടന്ന ആക്രമണം പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് ജയശങ്കര്‍ പറഞ്ഞതായി പുറത്തുവന്നത്.

 

അതേസമയം, ഇത്തരം ആക്രമണങ്ങള്‍ സംബന്ധിച്ച സന്ദേശം സൈന്യം സര്‍ക്കാറിന് കൈമാറിയിട്ടില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി ഉദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. മുന്‍പ് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സൈന്യത്തിന് മാത്രമേ അറിയൂ. എന്നാല്‍, ഇത് വിനിമയം ചെയ്യാത്തിടത്തോളം കാലം അത് പ്രസക്തമല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ ഭരണകാലത്തും നിയന്ത്രണരേഖ കടന്നുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ വാദത്തെ കഴിഞ്ഞയാഴ്ച പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ തള്ളിയിരുന്നു. ജയശങ്കറിന്റെ പ്രസ്താവന മോദി സര്‍ക്കാറിന്റെ ചതിയും കള്ളവും വെളിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു.

 

പാര്‍ലിമെന്ററി സമിതിയില്‍ അംഗമായ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.  

Tags: