ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നു

Wed, 24-08-2016 11:32:54 AM ;

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനി മുംബൈയില്‍ നിര്‍മ്മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നു. 22,400 പേജ് വരുന്ന വിവരങ്ങള്‍ ദ ആസ്ത്രേലിയന്‍ ദിനപത്രത്തിനാണ് ചോര്‍ന്നുകിട്ടിയത്. ഇതേ കമ്പനി ആസ്ത്രേലിയയ്ക്ക് വേണ്ടിയും അന്തര്‍വാഹിനി നിര്‍മ്മിക്കുന്നുണ്ട്.

 

കടലിനടിയില്‍ കണ്ടുപിടിക്കുന്നത് ഏറെക്കുറെ അസാധ്യമായിരുന്ന അത്യന്താധുനിക സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ യുദ്ധശേഷി അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ഡി.സി.എന്‍.എസ് എന്ന ഫ്രഞ്ച് കമ്പനി മുംബൈയിലെ മസഗാവ് ഡോക്കില്‍ ഇത്തരത്തില്‍ ആറെണ്ണമാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. 350 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടാണ് ഇത്.

 

ഹാക്കിംഗ് നടന്നതായി മനസിലാക്കുന്നുവെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് തിരിച്ചറിയുമെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നാണോ ഫ്രാന്‍സില്‍ നിന്നാണോ വിവരം ചോര്‍ന്നതെന്ന് അറിവായിട്ടില്ല. ഫ്രാന്‍സില്‍ നിന്ന്‍ 2011-ലാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് ദ ആസ്ത്രേലിയന്‍ പറയുന്നു.   

Tags: