തന്റെ സ്ഥാനക്കയറ്റം തടയുന്നതിനായി മുന്‍ കരസേനാ മേധാവിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വി.കെ സിങ്ങ് ശ്രമിച്ചിരുന്നതായി കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ്. ദല്‍ബീര്‍ സിങ്ങ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് വ്യാഴാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്.
തെറ്റും അടിസ്ഥാനരഹിതവും കല്‍പ്പിതസൃഷ്ടിയുമായ ആരോപണങ്ങളുടെ പേരില്‍ തന്റെ മേല്‍ വി.കെ സിങ്ങ് അനധികൃത നിരോധനം ഏര്‍പ്പെടുത്തിയതായി ദല്‍ബീര്‍ സിങ്ങ് പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഒരു കരസേനാ മേധാവി മുന്‍ഗാമിയ്ക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിക്കുന്നത്.
കരസേനാ മേധാവിയായുള്ള ദല്‍ബീര്‍ സിങ്ങിന്‍റെ നിയമനത്തില്‍ പക്ഷപാതമുണ്ടായെന്നു ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടതിനെ തുടര്‍ന്നാണ് ദല്‍ബീര്‍ സിങ്ങ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
2011-ല്‍ അസ്സമിലെ ജോര്‍ഹത്തില്‍ നടന്ന സൈനിക നടപടിയില്‍ നേതൃത്വപരമായ വീഴ്ച ആരോപിച്ച് ദല്‍ബീര്‍ സിങ്ങിനെതിരെ 2012 ഏപ്രിലില്‍ അന്ന്‍ കരസേനാ മേധാവിയായിരുന്ന വി.കെ സിങ്ങ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് വി.കെ സിങ്ങിനു പിന്നാലെ കരസേനാ മേധാവിയായ ബിക്രം സിങ്ങ് ഈ നടപടി പിന്‍വലിക്കുകയും ദല്‍ബീര്‍ സിങ്ങിനെ വീണ്ടും കിഴക്കന്‍ കമാന്‍ഡിന്‍റെ മേധാവിയായി നിയമിക്കുകയും ചെയ്തു.
വിഷയത്തില്‍ വി.കെ സിങ്ങിന്റെ നടപടികളെ കേന്ദ്ര പ്രതിരോധ മന്ത്രാലയവും നേരത്തെ സത്യവാങ്മൂലത്തില്‍ വിമര്‍ശിച്ചിരുന്നു.