രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവും ജനജീവിതത്തെ ബാധിക്കുകയാണ്. കേവലം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന തുടര്‍ച്ചയായ മഴ ദില്ലിയ്ക്ക് സമീപം ദേശീയ തലസ്ഥാന പ്രദേശത്തിന്റെ ഭാഗമായ ഗുഡ്ഗാവില്‍ പത്ത് മണിക്കൂറിലധികം നീണ്ട ഗതാഗത കുരുക്കാണ് സൃഷ്ടിച്ചത്. അസം മുതല്‍ തമിഴ്‌നാട് വരെ വിവിധയിടങ്ങളില്‍ നഗര-ഗ്രാമ ഭേദമന്യേ മഴ കെടുതിയായി മാറുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.
അസ്സമില്‍ 22 ജില്ലകളിലെ ഏകദേശം 19 ലക്ഷം ജനങ്ങളാണ് മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നത്. അഞ്ച് ലക്ഷം പേര്‍ വീടുകള്‍ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. റോഡുകളും പാലങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി തകര്‍ന്നു.
ഉത്തര്‍ പ്രദേശിലെ തെരായ് മേഖലയിലെ മുഴുവന്‍ നദികളും കര കവിഞ്ഞൊഴുകുകയാണ്. 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം പേര്‍ ഇവിടെ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്നു. 41 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. വന്‍ കൃഷിനാശമാണ് വെള്ളപ്പൊക്ക ബാധിത ജില്ലകളില്‍ ഉണ്ടായിട്ടുള്ളത്. നെല്ലും മറ്റ് വിളകളും വെള്ളത്തില്‍ മുങ്ങിപ്പോകുകയോ നശിക്കുകയോ ചെയ്തിരിക്കുകയാണ്. ഭക്ഷണമില്ലാതെ കന്നുകാലികളും ഇവിടെ ദുരിതമനുഭവിക്കുന്നു. ബീഹാറില്‍ ഇതുവരെ വെള്ളപ്പൊക്കത്തില്‍ 26 ജീവനുകള്‍ നഷ്ടപ്പെട്ടു.
തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിശക്തമാണ്. ദക്ഷിണ പെന്നാര്‍ നദിയിലെ ഒഴുക്ക് ശക്തമായതോടെ കൃഷ്ണഗിരി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അഞ്ഞൂറിലേറെ വീടുകളില്‍ ഇവിടെ വെള്ളം കയറി. സേലത്ത് സാരഭംഗ നദിയിലും വെള്ളപ്പൊക്കം ഉണ്ടായി. ബംഗലൂരുവില്‍ കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെടുന്ന രീതിയില്‍ വെള്ളക്കെട്ടുകളുണ്ടായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും വെള്ളം കയറി.