പാര്‍ലിമെന്റ് സുരക്ഷാ പരിശോധനകള്‍ തത്സമയം സംപ്രേഷണം ചെയ്ത് എ.എ.പി എം.പി; നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍

Fri, 22-07-2016 01:24:18 PM ;

പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി (എ.എ.പി) ലോക്സഭാംഗം ഭഗവന്ത് മന്‍ പാര്‍ലിമെന്റിന്റെ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച പാര്‍ലിമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. പാര്‍ലിമെന്റ് കെട്ടിടത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്നാരോപിച്ച് ബി.ജെ.പിയും സഖ്യകക്ഷികളും മന്നിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹളത്തെ തുടര്‍ന്ന് ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു.രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

മന്‍ വെള്ളിയാഴ്ച ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ടു. വിഷയം ഗൗരവമുള്ളതാണെന്നും നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ സഭയില്‍ പറഞ്ഞിരുന്നു. സുരക്ഷാ വിഭാഗത്തില്‍ നിന്ന്‍ സ്പീക്കര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാര്‍ലിമെന്റില്‍ കടക്കുമ്പോള്‍ വിവിധ ഘട്ടങ്ങളിലുള്ള സുരക്ഷാ പരിശോധനകള്‍ മന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.    

 

അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തതായി ബോദ്ധ്യപ്പെടുത്തിയാല്‍ മാപ്പ് പറയാമെന്നുമായിരുന്നു ജനപ്രിയ കൊമേഡിയന്‍ കൂടിയായ മന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാര്‍ലിമെന്റ് നടപടിക്രമങ്ങള്‍ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അറിയിക്കാനാണ് ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും വെള്ളിയാഴ്ചയും ഇത് ചെയ്യുമെന്നും മന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

Tags: