ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിതിനെ ഉത്തര്‍ പ്രദേശിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിര്‍ണ്ണായകമായ ബ്രാഹ്മണ വോട്ടുകളില്‍ കണ്ണ് നട്ടാണ് പ്രഖ്യാപനം. യു.പിയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മകളാണ് 78-കാരിയായ ഷീല.
1999 മുതല്‍ 2014 വരെ മൂന്ന്‍ വട്ടം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ദീക്ഷിതിന്റെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശമാണിതെന്ന് കരുതപ്പെടുന്നു.
യു.പിയില്‍ നഷ്ടമായ അടിത്തറ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ 403 അംഗ നിയമസഭയില്‍ 30 സീറ്റും 80 ലോകസഭാ സീറ്റുകളില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിച്ച റായ്ബറേലിയും അമേതിയും മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.