ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറു പാര്‍ട്ടികള്‍ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ സംയുക്ത യോഗം ചേര്‍ന്നു. വര്‍ഗ്ഗീയതയ്ക്കും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളും ഉയര്‍ത്തി ദേശീയ പ്രചാരണം നടത്താന്‍ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഡിസംബര്‍ 8 മുതല്‍ 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരിക്കും പ്രചാരണം.
സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ തമ്മില് നിലവിലുള്ള സഖ്യത്തിലേക്ക് സി.പി.ഐ (എം.എല്‍) ലിബറേഷന്‍, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) എന്നീ പാര്‍ട്ടികളാണ് ചേരുന്നത്. ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാറിനെതിരെ സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളില്‍ ശക്തമായി പങ്കെടുത്ത പാര്‍ട്ടിയാണ് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്). ബീഹാറിലും ജാര്‍ഖണ്ഡിലും ജനസ്വാധീനമുള്ള പാര്‍ട്ടിയാണ് മുന്‍ നക്സലുകളുടെ സി.പി.ഐ (എം.എല്‍) ലിബറേഷന്‍. കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നില്‍ക്കുന്ന ആര്‍.സ്.പിയെ പ്രതിനിധീകരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന് പകരം ബംഗാളില്‍ നിന്നുള്ള നേതാക്കളാണ് പങ്കെടുത്തത്.
തൊഴിലുറപ്പ് പദ്ധതിയ്ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്, ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനം, കള്ളപ്പണം തിരിച്ചുപിടിക്കുന്നതിലെ പരാജയം എന്നിങ്ങനെ ഒന്‍പത് വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും പ്രചാരണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ നുഴഞ്ഞുകയറാന്‍ ആര്‍.എസ്.എസ്. ശ്രമിക്കുന്നതായി ആരോപിച്ച കാരാട്ട് ആര്‍.എസ്.എസും ഹിന്ദുത്വ ശക്തികളും ഉയര്‍ത്തുന്ന ലൌ ജിഹാദ് വാദത്തിനെതിരെയും പ്രചാരണം നടത്തുമെന്ന് കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം, മരുന്നുകളുടെ വിലവര്‍ധനവ്, സ്ത്രീകള്‍ക്കും ദളിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ എന്നിവയും പ്രചാരണത്തിന്റെ വിഷയമാകും.
മറ്റ് മതേതര പാര്‍ട്ടികളുമായുള്ള സഖ്യം സംബന്ധിച്ച ചോദ്യത്തിന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനും ഇടതു പാര്‍ട്ടികളെ ഐക്യപ്പെടുത്താനുമാണ് തങ്ങളുടെ ആദ്യശ്രമമെന്ന് കാരാട്ട് പറഞ്ഞു. ഇടതുപക്ഷത്തെ മറ്റ് പാര്‍ട്ടികളെയും സഖ്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മറ്റ് കാര്യങ്ങള്‍ അതിന് ശേഷം ആലോചിക്കുമെന്നും കാരാട്ട് പറഞ്ഞു.