വിദേശത്ത് അനധികൃത നിക്ഷേപങ്ങള്‍ ഉള്ളവരുടെ പേരുവിവരം പുറത്തുവിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേട് ആയിരിക്കുമെന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ കോണ്‍ഗ്രസിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ബുധനാഴ്ച പ്രതികരിച്ചു.
വിഷയത്തില്‍ ജെയ്റ്റ്ലി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മാക്കന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പുറത്തുവിടുന്നതിന് പകരം കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും മാക്കന്‍ ആവശ്യപ്പെട്ടു.
വിദേശത്ത് അനധികൃത നിക്ഷേപങ്ങള്‍ ഉള്ളവരുടെ പേരുവിവരം ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്ന് നേരത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് ബി.ജെ.പിയുടെ കപടനാട്യം പുറത്തുകാട്ടിയെന്ന്‍ കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ യു.പി.എ സര്‍ക്കാറിന്റെ നിലപാട് തന്നെയാണ് വിഷയത്തില്‍ എന്‍.ഡി.എയും തുടരുന്നതെന്ന്‍ വ്യാപക പ്രതികരണമുയര്‍ന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ജെയ്റ്റ്ലി രംഗത്തെത്തിയത്.
കുറ്റപത്രം ചുമത്താത്തവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിദേശരാജ്യങ്ങളുമായുള്ള ഉടമ്പടിയുടെ ലംഘനമാകുമെന്നതിനാലാണ് സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചതെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഈ വിവരങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും അപ്പോള്‍ ബി.ജെ.പിയ്ക്കല്ല, കോണ്‍ഗ്രസിനായിരിക്കും നാണക്കേട് ഉണ്ടാകുകയെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.