Skip to main content
അഹമ്മദാബാദ്

xi in indiaചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തി. ശ്രീലങ്കയില്‍ നിന്ന്‍ ഉച്ചതിരിഞ്ഞ് ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ശിയെ പ്രോട്ടോക്കോളില്‍ നിന്ന്‍ മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്വീകരിച്ചു. ഗുജറാത്തില്‍ നിന്ന്‍ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്ന ആദ്യ ലോകനേതാവാകും ശി.

 

ഇരുനേതാക്കളും സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. ഗുജറാത്തും ചൈനയിലെ കുവാങ്തുങ്ങും തമ്മില്‍ സഹോദര പ്രവിശ്യകളായും അഹമ്മദാബാദും കുവാങ്തുങ്ങിന്റെ തലസ്ഥാനമായ കുവാങ്ചൌവും തമ്മില്‍ സഹോദര നഗരങ്ങളായും പ്രഖ്യാപിക്കുന്ന കരാറില്‍ ഇന്ന്‍ പ്രതിനിധികള്‍ ഒപ്പുവെക്കും. മോദിയുടെ 64-ാം ജന്മദിനമായ ഇന്ന്‍ സബര്‍മതി നദീതീരത്ത് ചൈനീസ്‌ പ്രസിഡന്റിനായി ഒരുക്കുന്ന വിരുന്നില്‍ മോദി ആതിഥ്യം വഹിക്കും.

 

ഇന്ന്‍ വൈകിട്ട് തന്നെ ന്യൂഡല്‍ഹിയിലേക്ക് തിരിക്കുന്ന ഇരുനേതാക്കളും വ്യാഴാഴ്ച തലസ്ഥാനത്ത് ഉഭയകക്ഷി സംഭാഷണങ്ങള്‍ നടത്തും. വ്യാപാരവും നിക്ഷേപവുമാണ് ചൈനീസ് സംഘത്തിന്റെ മുഖ്യ അജണ്ടയെങ്കിലും അതിര്‍ത്തി പ്രശ്നമടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് കരുതുന്നു. അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറുകള്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.

 

വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശിയുടെ ബഹുമാനാര്‍ഥം സംഘടിപ്പിക്കുന്ന വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും വ്യാഴാഴ്ച ശിയുമായി കൂടിക്കാഴ്ച നടത്തും. ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ വെള്ളിയാഴ്ച ശിയെ സന്ദര്‍ശിക്കും.