ജമ്മു കശ്മീരിലെ പ്രളയ ബാധിത സ്ഥലങ്ങളില്‍ ബുധനാഴ്ച ജലനിരപ്പ് താഴ്ന്നുതുടങ്ങി. വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ പതിനായിരക്കണക്കിന് ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതോടെ ഊര്‍ജിതമാക്കിയിട്ടുണ്ട്. കശ്മീരില്‍ അകപ്പെട്ട മലയാളികളെല്ലാം സുരക്ഷിതരാണെന്നും വ്യാഴാഴ്ച വൈകിട്ടോടെ ഇവരെയെല്ലാം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
109 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ പെയ്ത ഏറ്റവും കനത്ത മഴയാണ് ഇത്തവണ ഉണ്ടായത്. ഇത് ഹിമാലയന്‍ മലനിരകളില്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായതോടെ ഇന്ത്യയിലും പാകിസ്ഥാനിലുമായി ചുരുങ്ങിയത് 450 പേര്‍ക്ക് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ചയോടെ ജമ്മു കാശ്മീരില്‍ മരണസംഖ്യ 220 ആയിട്ടുണ്ട്. പാക് അധിനിവേശ കശ്മീരില്‍ അടക്കം പാകിസ്ഥാനില്‍ 231 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പത്ത് ലക്ഷത്തോളം പേരാണ് അടിസ്ഥാന സേവനങ്ങള്‍ പോലും ലഭിക്കാതെ ഒറ്റപ്പെട്ടുപോയത്.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ദുരന്തബാധിതരായ ജനങ്ങളുടെ ദേഷ്യം താന്‍ മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ ചിലയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കശ്മീരില്‍ 390 മലയാളികളാണ് അകപ്പെട്ടതെന്നും ഇതുവരെ 91 പേരെ രക്ഷപ്പെടുത്തി തിരികെ എത്തിക്കാന്‍ കഴിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് കേരള ഹൗസില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.