കനത്ത വെള്ളപ്പൊക്ക സ്ഥിതി നേരിടുന്ന ജമ്മു കശ്മീരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരുടെ ബോട്ട് മുങ്ങി. ഒഴുക്കില്‍ പെട്ട ഒന്‍പത് പേരില്‍ രണ്ട് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് മരണസംഖ്യ നൂറു കടന്നു.
സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ശ്രീനഗറില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി രാജ്നാഥ് സിങ്ങ് കൂടിക്കാഴ്ച നടത്തി. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം കൊടുക്കുന്നത്. പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജീതേന്ദ്ര സിങ്ങും രാജ്നാഥ് സിങ്ങിനൊപ്പമുണ്ട്.
ഒരു സൈനിക ഉദ്യോഗസ്ഥനടക്കം ഒന്‍പത് സൈനികരാണ് പുല്‍വാമ ജില്ലയില്‍ ഝലം നദിയിലെ ശക്തമായ ജലപ്രവാഹത്തില്‍ ബോട്ട് മുങ്ങി കാണാതായത്. ഇവരില്‍ ഏഴുപേരെ ഇതുവരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ബോട്ടിലുണ്ടായിരുന്ന 11 പേര്‍ക്ക് നീന്തി കരപറ്റാന്‍ സാധിച്ചു.
കഴിഞ്ഞ ദിവസം രജൌറി ജില്ലയില്‍ വിവാഹത്തിന് പോകുന്ന ഒരു സംഘം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞിരുന്നു. ബസിലുണ്ടായിരുന്ന 63 പേരില്‍ 29 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഉണ്ടായ ദുരന്തങ്ങളില്‍ ശനിയാഴ്ച വരെ 100 പേര്‍ മരിച്ചിട്ടിട്ടുണ്ട്. ഇതില്‍ 89 പേരും ജമ്മുവിലും 11 പേര്‍ കശ്മീര്‍ താഴ്വരയിലും ഉള്ളവരാണ്. കരസേനയുടേയും വ്യോമസേനയുടേയും രക്ഷാസംഘങ്ങള്‍ ഇതുവരെ ജമ്മുവില്‍ ഏകദേശം 7,000 പേരെ രക്ഷിച്ചിട്ടുണ്ട്. 75-100 പേരുള്ള 85 സൈനിക സംഘങ്ങളും വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. പല നദികളും കരകവിഞ്ഞതിനെ തുടര്‍ന്ന്‍ തെക്കന്‍ കശ്മീരിലെ മിക്കവാറും ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്.