Skip to main content
ന്യൂഡല്‍ഹി

M. Thambiduraiലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ആയി എ.ഐ.എ.ഡി.എം.കെ നേതാവ് എം. തമ്പിദുരൈയെ ബുധനാഴ്ച തെരഞ്ഞെടുത്തു. ഏകകണ്ഠമായിട്ടായിരുനു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ തമ്പിദുരൈയ്ക്ക് ഇത് രണ്ടാമൂഴമാണ്. 1985 മുതല്‍ 1989 വരെ അദ്ദേഹം മുന്‍പ് ഡെപ്യൂട്ടി സ്പീക്കര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ്‌ തമ്പിദുരൈയുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമായി നടന്നത്. ഒരു പത്രികയില്‍ കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തമ്പിദുരൈയുടെ പേര് നിര്‍ദ്ദേശിച്ചു. ഭരണമുന്നണിയില്‍ നിന്ന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പേര് നിര്‍ദ്ദേശിച്ച് കൊണ്ട് മറ്റൊരു പത്രികയും സമര്‍പ്പിച്ചിരുന്നു. ആകെ പന്ത്രണ്ട് സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് തമ്പിദുരൈയ്ക്ക് വേണ്ടി സമര്‍പ്പിച്ചത്.

 

ലോകസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസ് അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നീണ്ടുപോയത്. ലോകസഭാംഗങ്ങളുടെ പത്ത് ശതമാനം (55) പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പദവി കോണ്‍ഗ്രസിന് നല്‍കേണ്ടെന്ന് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി സ്പീക്കര്‍ സുമിത്ര മഹാജന് നിയമോപദേശം നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ ഉപദേശം സ്പീക്കര്‍ സ്വീകരിക്കാനാണ്‌ സാധ്യത.

 

37 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെ ലോകസഭയില്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ്.  എന്നാല്‍, തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെയുടെ പിന്തുണയാണ് പ്രധാനമായും എന്‍.ഡി.എ സര്‍ക്കാര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

 

തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നുള്ള ലോകസഭാംഗമായ തമ്പിദുരൈ ഒന്‍പത്, 12, 15 ലോകസഭകളില്‍ എ.ഐ.എ.ഡി.എം.കെയുടെ കക്ഷിനേതാവായിരുന്നു. കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.