Skip to main content
ന്യൂഡല്‍ഹി

judiciary

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പുതിയ സംവിധാനം വ്യവസ്ഥ ചെയ്യുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ 2014 ലോകസഭ ബുധനാഴ്ച പാസാക്കി. നിലവില്‍ ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീം കോടതി കൊളിജിയം സംവിധാനത്തിന് ബില്‍ നിയമമാകുന്നതോടെ വിരാമമാകും. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതിനായി ഭരണഘടനാ ഭേദഗതി ബില്ലും ഒപ്പം അവതരിപ്പിച്ചിട്ടുണ്ട്.

 

അതേസമയം, തനിച്ച് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കുന്നത് സര്‍ക്കാറിന് എളുപ്പമാകില്ല. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്ന ബില്‍ പിന്‍വലിച്ചാണ് എന്‍.ഡി.എ സര്‍ക്കാര്‍ പുതിയ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. ഈ ബില്ലിന് ലോകസഭയില്‍ കോണ്‍ഗ്രസ് ഭേദഗതികള്‍ അവതരിപ്പിച്ചിരുന്നു.

 

ബില്‍ അനുസരിച്ച് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനവും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടേയും മറ്റ് ജഡ്ജിമാരുടേയും നിയമനവും സ്ഥലംമാറ്റവും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ആറംഗ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനാണ് നടത്തുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ട് ജഡ്ജിമാരും സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. രണ്ട് വിശിഷ്ട വ്യക്തികളും നിയമമന്ത്രിയുമാണ് മറ്റംഗങ്ങള്‍. കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആകുന്ന നിലവിലെ രീതി തുടരും.

 

രണ്ട് വിശിഷ്ട വ്യക്തികളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌, പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ് (അല്ലെങ്കില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്) എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശിക്കുക. ഈ രണ്ട് പേരില്‍ ഒരാള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക സമുദായങ്ങള്‍, ന്യൂനപക്ഷം, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നായിരിക്കണം. മൂന്ന്‍ വര്‍ഷമായിരിക്കും ഇവരുടെ കാലാവധി. ഇത് നീട്ടാനാകില്ല.

 

കമ്മീഷനിലെ ഏതെങ്കിലും രണ്ടംഗങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ നിയമനം നടത്താന്‍ ആകില്ലെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. കമ്മീഷന്റെ ശുപാര്‍ശ പുന:പരിശോധനയ്ക്കായി തിരിച്ചയക്കാന്‍ രാഷ്ട്രപതിയ്ക്ക് അധികാരമുണ്ട്. എന്നാല്‍, ശുപാര്‍ശ കമ്മീഷന്‍ ഏകകണ്ഠമായി വീണ്ടും അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതി നിയമനം നടത്തണം.  

 

ഹൈക്കോടതികളിലേക്ക് നിയമനവും സ്ഥലംമാറ്റവും നടത്തുമ്പോള്‍ കമ്മീഷന്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും അഭിപ്രായം എഴുതിവാങ്ങണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു.