Skip to main content
ന്യൂഡല്‍ഹി

fdi cap raised in defence, railwaysപ്രതിരോധ മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പരിധി നിലവിലെ 26 ശതമാനത്തില്‍ നിന്ന്‍ 49 ശതമാനമായും റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്ന നടപടികളാണ് രണ്ടും.

 

നിര്‍വ്വഹണവും നിയന്ത്രണവും പൂര്‍ണ്ണമായും ഇന്ത്യക്കാരിലൂടെയായിരിക്കണം എന്ന നിബന്ധനയോടെയാണ് പ്രതിരോധ നിര്‍മ്മാണ മേഖലയിലെ എഫ്.ഡി.ഐ പരിധി ഉയര്‍ത്തുന്നത്. 2001-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ആണ് ഈ മേഖല വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തത്. അതിനുശേഷം ഇതുവരെ ഏകദേശം 50 ലക്ഷം ഡോളറിന്റെ വിദേശനിക്ഷേപമേ ഉണ്ടായിട്ടുള്ളൂ. പരിധി ഉയര്‍ത്തുന്നതിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാമെന്നും അതുവഴി സൈനികോപകരണങ്ങളില്‍ തദ്ദേശവല്‍ക്കരണം വര്‍ധിപ്പിക്കാമെന്നും സൈന്യത്തിനാവശ്യമായ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കാമെന്നും കേന്ദ്രം കരുതുന്നു.

 

എന്നാല്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു. പരിധി ഉയര്‍ത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ആന്റണി ബജറ്റ് നിര്‍ദ്ദേശത്തോടുള്ള പ്രതികരണത്തില്‍ പറഞ്ഞിരുന്നു. പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപമെന്ന ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.  

 

റെയില്‍വേ മേഖല ആദ്യമായാണ്‌ വിദേശ മൂലധനത്തിനായി തുറന്നുകൊടുക്കുന്നത്. അതിവേഗ റെയില്‍ പോലുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കുക ലക്ഷ്യമിട്ടാണ് റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തില്‍ 100 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരുന്നത്.