Skip to main content
ന്യൂഡല്‍ഹി

രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ വര്‍ദ്ധിക്കുന്നത് ലോകസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ട്ടിയുടെ ലോകസഭാ കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തില്‍ നിന്നുള്ള എം.പിമാരായ എം.ഐ ഷാനവാസ്, കെ.സി വേണുഗോപാല്‍ എന്നിവരാണ്‌ നോട്ടീസ് നല്‍കിയത്.

 

sumitra mahajanഎന്നാല്‍, ചോദ്യോത്തര വേള റദ്ദാക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തി. സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച അനുവദിക്കില്ലെന്നും ഒരാളുടെ ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്പീക്കര്‍ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന്‍ സ്പീക്കര്‍ സഭ രണ്ട് തവണ നിര്‍ത്തിവെച്ചു.  

 

സമാനമായ വിഷയത്തില്‍ ചട്ടം 193 അനുസരിച്ചുള്ള ചര്‍ച്ചയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുല്‍ത്താന്‍ അഹമ്മദും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ചട്ടം അനുസരിച്ചുള്ള ചര്‍ച്ചയില്‍ പ്രമേയമോ വോട്ടെടുപ്പോ ഉണ്ടാകില്ല.  

 

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഒരു യുവതി ബലാത്സംഗം ചെയ്യപ്പെടുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതമാകുകയും ചെയ്തതായി ഇന്നലെ ആരോപണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രമേയം. കഴിഞ്ഞ സെപ്തംബറില്‍ ഉത്തര്‍ പ്രദേശിലെ തന്നെ മുസഫര്‍നഗറില്‍ നടന്ന കലാപത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. യു.പി സര്‍ക്കാറിനെ നയിക്കുന്ന എസ്.പിയുടേയും ബി.ജെ.പിയുടേയും ജാതി രാഷ്ട്രീയം സമൂഹത്തില്‍ വര്‍ഗ്ഗീയ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.