Skip to main content

sumitra mahajanലോകസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കം ശക്തമാകുന്നു. പദവി ലഭിക്കാന്‍ കോണ്‍ഗ്രസിന് യോഗ്യതയില്ലെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ (എ.ജി) മുകുള്‍ റോഹ്തഗി സ്പീക്കര്‍ സുമിത്ര മഹാജന് നിയമോപദേശം നല്‍കി. അതേസമയം, സര്‍ക്കാറിന്റെ അഭിപ്രായമാണ് എ.ജി പ്രകടിപ്പിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ ഈ വിഷയത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കണമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പ്രതികരിച്ചു.

 

ലോകസഭയിലെ അംഗസംഖ്യയുടെ പത്ത് ശതമാനം (55) പേര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃ പദവി നല്‍കേണ്ടതില്ലെന്ന്‍ എ.ജി നിയമോപദേശം നല്‍കിയിരിക്കുന്നത്. 44 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍, 60 അംഗങ്ങളുടെ പിന്തുണയുടെ പേരില്‍ യു.പി.എയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്നും എ.ജി വ്യക്തമാക്കി. ആദ്യ ലോകസഭയിലെ സ്പീക്കര്‍ ആയിരുന്ന ജി.വി മാവലങ്കര്‍ ഏര്‍പ്പെടുത്തിയ ഈ നിബന്ധന കണക്കിലെടുക്കാതെ പ്രതിപക്ഷ നേതാവിനെ നിയമിച്ച കീഴ്വഴക്കം ഇല്ലെന്നും എ.ജി ചൂണ്ടിക്കാട്ടി. ആദ്യ ലോകസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ 1979 മുതല്‍ 1989 വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ സമയത്തും ഈ പദവി ആര്‍ക്കും നല്‍കിയിരുന്നില്ല.

 

പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വാദമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. പ്രധാന ഭരണഘടനാ പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്ന പാനലുകളില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് അംഗമാണ്. ഈ സാഹചര്യത്തില്‍ ഈ പദവി ആര്‍ക്കും നല്‍കാത്തത് വഴി പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എ.ജിയുടെ ഉപദേശം സ്വീകരിക്കേണ്ട ബാധ്യത സ്പീക്കര്‍ക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഇത് സ്പീക്കര്‍ തീരുമാനമമെടുക്കേണ്ട വിഷയമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.