യു.എസ് സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

Fri, 11-07-2014 04:45:00 PM ;
ന്യൂഡല്‍ഹി

 

യു.എസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഒബാമയുടെ ഔദ്യോഗിക ക്ഷണം. സെപ്തംബറില്‍ സന്ദര്‍ശനം നടക്കുമെന്നാണ് സൂചന. യു.എസ് സര്‍ക്കാരിന്റെ ക്ഷണക്കത്ത് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്ക് കൈമാറി. സാമ്പത്തിക മേഖലയിലെ ഇന്ത്യാ-യു.എസ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒബാമ ആഗ്രഹിക്കുന്നുവെന്നും ബേണ്‍സ് പ്രധാനമന്ത്രിയെ അറിയിച്ചു.

 

ഒബാമയുടെ ക്ഷണത്തിന് നന്ദി അറിയിച്ച മോദി ഫലപ്രാപ്തി ഉറപ്പ് വരുത്താന്‍ ഉതകുന്ന സന്ദര്‍ശനമായിരിക്കും തന്റേതെന്നും വ്യക്തമാക്കി. 2002-ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ മോദിക്ക് യു.എസ് വിസ നിഷേധിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായി നിയമിതനായ ദിവസം ഒബാമ മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും യു.എസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായ ക്ഷണം ഉണ്ടായത് ഇപ്പോഴാണ്.

Tags: