സോഷ്യല്‍ മീഡിയയിലെ ഹിന്ദി: കേന്ദ്രത്തിനെതിരെ ജയലളിതയും

Fri, 20-06-2014 03:02:00 PM ;
ചെന്നൈ

jayalalithaസോഷ്യല്‍ മീഡിയയില്‍ ഹിന്ദി ഉപയോഗിക്കാനുള്ള ഉദ്യോഗസ്ഥരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയും രംഗത്ത്. 1963-ലെ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ അന്തസ്സത്തയ്ക്കെതിരാണ് ഈ നിര്‍ദ്ദേശമെന്ന് ജയലളിത വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കയച്ച കത്തില്‍ പറഞ്ഞു. ജയലളിതയുടെ രാഷ്ട്രീയ എതിരാളിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

നിര്‍ദ്ദേശത്തിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുകയാണ്. ഭരണമുന്നണിയായ എന്‍.ഡി.എയിലെ തമിഴ്‌നാട്ടില്‍ നിന്നുള്ള സഖ്യകക്ഷികളായ പി.എം.കെയും എം.ഡി.എം.കെയും വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സി.പി.ഐ.എമ്മും നടപടിയെ വിമര്‍ശിച്ചു.

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗമാണ്‌ കഴിഞ്ഞ മാര്‍ച്ചിലും (യു.പിഎ സര്‍ക്കാറിന്റെ കാലത്ത്) പിന്നീട് മെയ്‌ 27-നും സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക അക്കൌണ്ടുകളില്‍ ഹിന്ദിയുടെ ഉപയോഗം നിര്‍ബന്ധിതമാക്കി ഓഫീസ് മെമ്മോ പുറപ്പെടുവിച്ചത്. ഒന്നുകില്‍ ഹിന്ദിയോ അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും ഒരുമിച്ചോ ഉപയോഗിക്കണമെന്നും അങ്ങനെ രണ്ടു ഭാഷയും ഉപയോഗിക്കുമ്പോള്‍ ഹിന്ദി മുകളില്‍ അല്ലെങ്കില്‍ ആദ്യം വരണമെന്നും മെമ്മോയില്‍ പറയുന്നു.

 

ഇത് ഇംഗ്ലീഷിന്റെ ഉപയോഗം നിര്‍ബന്ധമല്ലാതാക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്തുന്ന രീതിയില്‍ നിര്‍ദ്ദേശം പരിഷ്കരിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു. തമിഴിനേയും ഇന്ത്യയുടെ ഒരു ഔദ്യോഗിക ഭാഷയാക്കണമെന്ന ജൂണ്‍ മൂന്നിന് പ്രധാനമന്ത്രിയ്ക്ക് താന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യവും ജയലളിത മോദിയെ ഓര്‍മ്മിപ്പിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ ഭാഷകളേയും ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.

Tags: