നിയുക്ത കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര സഹമന്ത്രിയും മുന്‍ സൈനികമേധാവിയുമായ വി.കെ സിങ്ങ്. സേനാമേധാവിയായിരിക്കെ സിങ്ങ് സുഹാഗിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി നിയമവിരുദ്ധമായിരുന്നുവെന്ന്‍ ചൂണ്ടിക്കാട്ടി പ്രതിരോധ വകുപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തെ കുറിച്ച് പ്രതികരിക്കവേ ആണ് സിങ്ങ് തന്റെ തീരുമാനത്തെ ശക്തിയായി ന്യായീകരിച്ചത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് വകുപ്പ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നതെന്നും ഇതില്‍ പുതുതായി ഒന്നുമില്ലെന്നും സിങ്ങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലെഫ്റ്റ. ജനറല്‍ സുഹാഗിനെ കരസേനാ മേധാവിയായി നിയമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു. സുഹാഗിനെതിരെ ട്വിറ്ററില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച സിങ്ങ് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്ന് കോണ്‍ഗ്രസ് എം.പി ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. നിരപരാധികളെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത സേനായൂണിറ്റിനെ സംരക്ഷിച്ച ആളാണ് സുഹാഗ് എന്നായിരുന്നു സിങ്ങ് ട്വിറ്ററില്‍ സൂചിപ്പിച്ചത്.
സത്യവാങ്ങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‍ കോണ്‍ഗ്രസ് സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ മന്ത്രിയില്‍ സര്‍ക്കാറിന് വിശ്വാസമില്ല എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്ങ്വി ആരോപിച്ചു.
അസ്സമില്‍ നടന്ന ഒരു സൈനിക നടപടിയുടെ പേരില്‍ സുഹാഗിന്റെ സ്ഥാനക്കയറ്റം സേനാമേധാവിയായിരിക്കെ സിങ്ങ് തടഞ്ഞിരുന്നു. സുഹാഗ് കരസേനയുടെ മേധാവിയാകുന്നത് തടയുകയായിരുന്നു സിങ്ങിന്റെ ലക്ഷ്യമെന്ന് അന്ന്‍ ആരോപണമുണ്ടായിരുന്നു. സിങ്ങ് വിരമിക്കുകയും ജനറല്‍ ബിക്രം സിങ്ങ് സേനാമേധാവിയാകുകയും ചെയ്തപ്പോള്‍ ഈ നടപടി റദ്ദ് ചെയ്തു. ഇതിനെതിരെ ലെഫ്റ്റ. ജനറല്‍ രവി ദസ്താനെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ ജൂണ്‍ നാലിന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സിങ്ങിന്റെ നടപടി നിയമവിരുദ്ധമായിരുന്നു എന്ന് പ്രതിരോധ വകുപ്പ് പറഞ്ഞിരിക്കുന്നത്.