പതിനാറാം ലോകസഭയുടെ ആദ്യസമ്മേളനം ഇന്ന്‍ ആരംഭിച്ചു. വാഹനാപകടത്തില്‍ മരിച്ച കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
സമ്മേളനത്തിന് മുന്‍പ് കോണ്‍ഗ്രസ് അംഗം കമല്‍ നാഥ് പ്രൊടേം സ്പീക്കറായി രാഷ്ട്രപതി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കമല്‍ നാഥിന്റെ നേതൃത്വതിലായിരിക്കും പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ സഭ സമ്മേളിക്കുക. ഒന്‍പതാം തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമല്‍ നാഥാണ് ഏറ്റവും കൂടുതല്‍ കാലം സഭാംഗമായിരുന്ന വ്യക്തി.
ജൂണ്‍ 11 വരെയാണ് സഭ സമ്മേളിക്കുക. പാര്‍ലിമെന്റിന്റെ ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ തിങ്കളാഴ്ച രാഷ്ട്രപതി അഭിസംബോധന ചെയ്യും.