മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് ലോകസഭാ കക്ഷി നേതാവ്

Tue, 03-06-2014 09:58:00 AM ;
ന്യൂഡല്‍ഹി

mallikarjun khargeകോണ്‍ഗ്രസിന്റെ ലോകസഭയിലെ കക്ഷിനേതാവായി കര്‍ണ്ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച നാമനിര്‍ദ്ദേശം ചെയ്തു. അതേസമയം, ലോകസഭയില്‍ 44 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസിനെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയുണ്ടായിട്ടില്ല.

 

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി നേതൃസ്ഥാനംഏറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന്‍ ദിഗ്വിജയ സിങ്ങ്, ശശി തരൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ച രാഹുല്‍ പക്ഷെ, പാര്‍ലിമെന്റില്‍ മുഴുവന്‍ സമയം വിനിയോഗിക്കുന്നതിലുപരി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഈ തീരുമാനം വീണ്ടും തെറ്റായ സന്ദേശം നല്‍കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി അഭിപ്രായപ്പെടുന്നു.

 

പാര്‍ട്ടിയുടെ ദളിത്‌ മുഖം കൂടിയാണ് കഴിഞ്ഞ യു.പി.എ മന്ത്രിസഭയില്‍ തൊഴില്‍, റെയില്‍വേ മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള 71-കാരനായ ഖര്‍ഗെ. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചിട്ടുള്ള അദ്ദേഹം ഒന്‍പത് തവണ കര്‍ണ്ണാടക നിയമസഭാംഗമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകമാണ് ഏറ്റവും കൂടുതല്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച സംസ്ഥാനം. ഒന്‍പത് പേരാണ് ഇവിടെ നിന്ന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

 

ലോകസഭയുടെ പത്തിലൊന്ന് അംഗങ്ങള്‍ (55) അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിനെ മുഖ്യപ്രതികക്ഷിയായി സ്പീക്കര്‍ അംഗീകരിച്ചാലേ ലോകസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. രാഹുലിന്റെ പിന്‍വാങ്ങലിന് ഇതും ഒരു കാരണമാണെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.     

Tags: