റിലയന്‍സ് പ്രകൃതിവാതക കേസ് പരിഗണിക്കേണ്ടത് ബ്രിട്ടിഷ് കോടതിയെന്ന്‍ സുപ്രീം കോടതി

Wed, 28-05-2014 04:33:00 PM ;
ന്യൂഡല്‍ഹി

supreme courtഎണ്ണ-പ്രകൃതിവാതക പാടങ്ങളെ ചൊല്ലി റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ലണ്ടനിലെ തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ വിധി സംബന്ധിച്ച അപ്പീല്‍ നല്‍കേണ്ടത് ബ്രിട്ടിഷ് കോടതികളിലാണെന്ന് സുപ്രീം കോടതി. കേന്ദ്രത്തിന്റെ അപ്പീല്‍ പരിഗണിക്കാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ റിലയന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്.എസ് നിജ്ജാര്‍, എ.കെ സിക്രി എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി.

 

പന്ന-മുക്തയിലേയും തപ്തിയിലേയും പാടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവും റിലയന്‍സും തമ്മിലുള്ള കരാറില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ലണ്ടനിലെ തര്‍ക്കപരിഹാര കോടതിയില്‍ കേസ് നടത്താമെന്ന് ഇരുകൂട്ടരും സമ്മതിച്ചിട്ടുള്ളതാണെന്ന്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അധികാരപരിധി സംബന്ധിച്ച് ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയതായും കോടതി പറഞ്ഞു. തര്‍ക്ക പരിഹാര കോടതിയുടെ വിധി സംബന്ധിച്ച അപ്പീല്‍ പരിഗണിക്കുമ്പോള്‍ ബ്രിട്ടിഷ് കോടതികള്‍ ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.    

 

റിലയന്‍സിന്റേയും യു.എസ് കമ്പനി എന്‍റോണിന്റെ ഇന്ത്യന്‍ വിഭാഗവും സംയുക്തമായി 1994-ലാണ് പന്ന-മുക്തയിലേയും തപ്തിയിലേയും പാടങ്ങള്‍ പര്യവേഷണത്തിനെടുത്തത്. 2002-ല്‍ ബ്രിട്ടനിലെ ബി.ജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗം എന്‍റോണിന്റെ ഓഹരികള്‍ ഏറ്റെടുത്തു. 2010-ലാണ് വിവിധ വിഷയങ്ങളില്‍ കേന്ദ്രവും റിലയന്‍സും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. 2012 ഡിസംബറില്‍ തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിക്കെതിരെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കരാറുകള്‍ ഒപ്പിട്ടത് ഇന്ത്യയില്‍ ആയതിനാലും തര്‍ക്കവിഷയമായ പന്ന-മുക്തയിലേയും തപ്തിയിലേയും പാടങ്ങള്‍ ഇന്ത്യയില്‍ ആയതിനാലും തര്‍ക്കപരിഹാരത്തിന് വിദേശ നിയമങ്ങള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

Tags: