ഐ.പി.എൽ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. വിവാദത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ കൂടിയായ തന്റെ പേരു വലിച്ചിഴച്ചതിൽ നിരാശനാണെന്നും അതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനവും ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്ന് ധോണി അറിയിച്ചതായാണ് റിപ്പോർട്ട്.
ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്കായി ഇപ്പോൾ ബംഗ്ളാദേശിലുള്ള ധോണി സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനുമായി ഇന്നലെ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ശ്രീനിവാസന്റെ മരുമകനും ചെന്നൈ ടീം മുൻ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പന് വാതുവയ്പിലുള്ള പങ്കിനെ കുറിച്ച് മുദ്ഗൽ കമ്മീഷന് ധോണി തെറ്റായ മൊഴി നൽകിയെന്നാണ് ബിഹാർ ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണം.