Skip to main content
ചെന്നൈ

karunanidhiതമിഴ്‌നാട്ടില്‍ ഡി.എം.കെ ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. അഴിമതിക്കേസുകളില്‍ ആരോപിതരായ മുന്‍ കേന്ദ്രമന്ത്രിമാര്‍ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ വീണ്ടും മത്സരിക്കും. അതേസമയം, പാര്‍ട്ടി നേതാവ് എം. കരുണാനിധിയുടെ മകന്‍ എം.കെ അഴഗിരിയ്ക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

 

2ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതിയാണ് എ. രാജ. സഹോദരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വിയിലെ നിക്ഷേപകരായ ഒരു മലേഷ്യന്‍ കമ്പനിയ്ക്ക് വേണ്ടി ടെലികോം കമ്പനിയായ എയര്‍സെല്ലിന്റെ വില്‍പന നടത്തുന്നതിന് നിയമവിരുദ്ധമായി സ്വാധീനം ചെലുത്തി എന്നതാണ് മാരനെതിരെയുള്ള ആരോപണം. തങ്ങളുടെ മണ്ഡലങ്ങളായ നീലഗിരി, മധ്യ ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന്‍ ഇരുവരും മത്സരിക്കും. ടെലികോം വകുപ്പ് മന്ത്രിമാരായിരുന്ന ഇരുവര്‍ക്കെതിരെയും തെളിവില്ലെന്നും തെറ്റ് ചെയ്തില്ലെന്ന് ഇരുവരും തെളിയിക്കുമെന്നും കരുണാനിധി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

 

അനുജന്‍ എം.കെ സ്റ്റാലിന് പാര്‍ട്ടിയില്‍ നല്‍കുന്ന മുന്‍ഗണനയില്‍ പരസ്യ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയിരുന്നു. അഴഗിരിയുടെ മണ്ഡലമായ മധുരയില്‍ പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. അഴഗിരിയെ പിന്തുണക്കുന്ന ഡി. നെപ്പോളിയന്‍, ജെ.കെ റിതീഷ് എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.   

 

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് കേന്ദ്രത്തില്‍ മതേതര-ജനാധിപത്യ കക്ഷി അധികാരത്തില്‍ വരണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കരുണാനിധി പറഞ്ഞു. സി.പി.ഐയുമായി സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കരുണാനിധി അറിയിച്ചു.