രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായ ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ വധശിക്ഷ ഇളവുലഭിച്ച മുരുകന്, ശാന്തന്, പേരറിവാളന്, നളിനി എന്നിവരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച ജയചന്ദ്രന്, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരെയും വിട്ടയക്കാനാണു തീരുമാനം ഉണ്ടായിട്ടുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം അറിയിച്ചത്.
കേസിലെ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനം കേന്ദ്രസര്‍ക്കാറിനെ അറിയിക്കും. മൂന്നുദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ അധികാരമുപയോഗിക്കുമെന്നും ജയലളിത വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ നാലുദിവസത്തിനകം ഇവര്‍ ജയില്‍ മോചിതരാകും. ഇവരില്‍ നളിനിയൊഴികെയുള്ളവര് വെല്ലൂര്‍ ജയിലിലാണ് ഇപ്പോഴുള്ളത്.
ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീര്‍പ്പുകല്‍പ്പിക്കുന്നത് നീണ്ടുപോയത് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ വധശിക്ഷ ചൊവ്വാഴ്ച സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തം തടവായി കുറച്ചത്. 23 വര്‍ഷം തടവ് അനുഭവിച്ച ഇവരെ വിട്ടയക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.