ഇന്ത്യയുടെ 29-ാമത് സംസ്ഥാനമായി തെലുങ്കാന രൂപീകരിക്കുന്നതിനുള്ള ആദ്യപടിയായി ലോകസഭ ചൊവ്വാഴ്ച ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ പാസാക്കി. സീമാന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം മൂലം ചര്‍ച്ച കൂടാതെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷമായ ബി.ജെ.പിയുടെ പിന്തുണയുള്ളതിനാല്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. രാജ്യസഭ കൂടി ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ തെലുങ്കാന സംസ്ഥാനം നിലവില്‍ വരും.
ചൊവ്വാഴ്ച സഭ സമ്മേളിച്ച് ബഹളം മൂലം മൂന്ന്‍ തവണ നിര്‍ത്തിവെച്ചതിന് ശേഷമാണ് ചര്‍ച്ച ഒഴിവാക്കി ബില്‍ വോട്ടിനിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ബില്‍ അവതരിപ്പിച്ചത്. സീമാന്ധ്ര പ്രദേശത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഷിന്‍ഡെ വാഗ്ദാനം ചെയ്തു. ബില്ലിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും സീമാന്ധ്രയുടെ ആശങ്കകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഉണ്ടായ കുരുമുളക് സ്പ്രേ പ്രയോഗം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് പാര്‍ലിമെന്റിനു പുറത്തും അകത്തും ഏര്‍പ്പെടുത്തിയിരുന്നത്. ബില്ലിലെ വോട്ടെടുപ്പ് നടക്കുന്ന സമയം സ്പീക്കര്‍ മീര കുമാറിന്റെ നിര്‍ദ്ദേശാനുസരണം ലോകസഭാ ടെലിവിഷന്‍ സഭാനടപടികളുടെ തല്‍സമയ സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു.
സംസ്ഥാന വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി നാളെ (ബുധനാഴ്ച) രാജിവെക്കുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.