Skip to main content
ന്യൂഡല്‍ഹി

p chidambaram

2014-15-ലേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം ലോകസഭയില്‍ അവതരിപ്പിച്ചു. തെലുങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ മുദ്രാവാക്യം വിളിക്കിടയിലായിരുന്നു അവതരണം. പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത് വരെ പണം ചെലവഴിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കുന്ന വോട്ട് ഓണ്‍ അക്കൌണ്ട് ആണ് അവതരിപ്പിച്ചത്. ചിദംബരത്തിന്റെ ഒന്‍പതാം ബജറ്റ് ആണിത്.  

 

ലോക സാമ്പത്തിക രംഗത്തെ തളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് ചിദംബരം പ്രസംഗം ആരംഭിച്ചത്. ഇതിനിടയിലും മെച്ചപ്പെട്ട സാമ്പത്തിക പ്രകടനം ഇന്ത്യ കാഴ്ചവെച്ചതായി ചിദംബരം പറഞ്ഞു. കമ്മികള്‍ കുറക്കാന്‍ കഴിഞ്ഞതായും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞതായും ചിദംബരം ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയില്‍ നയമരവിപ്പ് ഉണ്ടെന്ന വാദത്തെ നിരാകരിക്കുന്നതായും മന്ത്രി പറഞ്ഞു.

 

2013-14 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 4.6 ശതമാനമായി കുറച്ചു. വിദേശനാണ്യ ശേഖരത്തിലേക്ക് 1500 കോടി യു.എസ് ഡോളര്‍ കൂട്ടിച്ചേര്‍ത്തതായും കറന്റ് അക്കൌണ്ട് കംമ്മി 4500 കോടി യു.എസ് ഡോളറായി നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി 6.4. ശതമാനം ഉയര്‍ന്ന്‍ 32600 കോടി യു.എസ് ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന് ശേഷവും 2012-13-ലെ നിക്ഷേപ നിരക്ക് 31 ശതമാനമായിരുന്നുവെന്നും ചിദംബരം അറിയിച്ചു.

 

കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഉണ്ടായിരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. ഭക്ഷ്യധാന്യ ശേഖരം 26.3 കോടി ടണ്‍ ആയി വര്‍ധിക്കുമെന്നാണ് കണക്കുകള്‍. കാര്‍ഷിക ജി.ഡി.പി വളര്‍ച്ച 4.6 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 7.35 കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കിയതായി മന്ത്രി അറിയിച്ചു.

 

ഖനന, നിര്‍മ്മാണ മേഖലകളില്‍ നിക്ഷേപം കുറഞ്ഞതായി മന്ത്രി അറിയിച്ചു. ഇതില്‍ നിര്‍മ്മാണ മേഖലയിലെ മാന്ദ്യം ആശങ്കാജനകമാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും ആശങ്കയ്ക്ക് ഇട നല്‍കുന്നതാണെങ്കിലും ഇപ്പോള്‍ കുറയുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രൂപയുടെ മേലുള്ള സമ്മര്‍ദ്ദം അധികമാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാറും റിസര്‍വ് ബാങ്കും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  

പത്ത് ലക്ഷം തൊഴില്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതായി ചിദംബരം പറഞ്ഞു. ജനുവരി അവസാനം വരെയുള്ള കാലയളവില്‍ 269 അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഏഴു പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മാണത്തിലാണ്. ചെന്നൈ-ബെംഗലൂരു, ബെംഗലൂരു-മുംബൈ, അമൃത്സര്‍-കൊല്‍ക്കത്ത എന്നീ മൂന്ന്‍ പുതിയ വ്യാവസായിക ഇടനാഴികള്‍ കൂടി തുടങ്ങും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വ്യാവസായിക ഇടാനഴികള്‍ മുഖാന്തിരം പത്ത് കോടി തൊഴില്‍ സൃഷ്ടിക്കും.

 

ഊര്‍ജോത്പാദന ശേഷിയില്‍ 29350 മെഗാവാട്ടിന്റെ വര്‍ധന ഉണ്ടായി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നാല് വന്‍ സൗരോര്‍ജ പദ്ധതികള്‍ ദേശീയ സൗരോര്‍ജ ദൗത്യത്തിന് കീഴില്‍ ആരംഭികും. ഏഴു ആണവ റിയാക്ടറുകളുടെ നിര്‍മ്മാണം നടക്കുന്നു. 50000 മെഗാവാട്ടിന്റെ വര്‍ധനയാണ് മൊത്തം ഊര്‍ജോത്പാദന ശേഷിയില്‍ലക്ഷ്യമിടുന്നത്.

 

3343 കിലോമീറ്റര്‍ റെയില്‍ പാത പുതുതായി നിര്‍മ്മിച്ചു. റെയില്‍വേക്ക് ബജറ്റ് സഹായമായി 29000 കോടി രൂപ നല്‍കും. 19 എണ്ണപ്പാട ബ്ലോക്കുകള്‍ പര്യവേഷണത്തിനായി നല്‍കി. കല്‍ക്കരി ഉല്‍പ്പാദനം കഴിഞ്ഞ ദശാബ്ദത്തില്‍ 36.1 കോടി ടണ്‍ പ്രതീക്ഷിച്ചിടത്ത് 55.4 ടണ്‍ ആയി ഉയര്‍ന്നു.

 

സ്ത്രീസുരക്ഷ സംബന്ധിച്ച പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ഭയ നിധിയിലേക്ക് ഇപ്പോഴുള്ള 1000 കോടി രൂപയ്ക്ക് പുറമേ അടുത്ത വര്‍ഷം 1000 കോടി കൂടി നല്‍കും. ഈ തുക ലാപ്സാകില്ല. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 21000 കോടി രൂപ അനുവദിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് 33725 കോടി രൂപ ലഭിക്കും. 6730 കോടി രൂപയാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ വിഹിതം. ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് 3711 കോടി രൂപയും ഗോത്രവര്‍ഗ്ഗ കാര്യ മന്ത്രാലയത്തിന് 4379 കോടി രൂപയും ലഭിക്കും.

 

ഭവനനിര്‍മ്മാണ-ദാരിദ്ര്യ ലഘൂകരണ വകുപ്പിന് 6000 കോടി രൂപയാണ് അനുവദിച്ചത്. ശുദ്ധജല-ശുചീകരണ പദ്ധതികള്‍ക്ക് 15000 കോടി രൂപ നല്‍കി. ഗ്രാമീണ വികസന പദ്ധതികള്‍ക്ക് 82202 കോടി രൂപയും പഞ്ചായത്തീരാജ് വകുപ്പിന് 7000 കോടി രൂപയും അനുവദിച്ചു.

 

മാനവവിഭവശേഷി വകുപ്പിന് 67398 കോടി രൂപയാണ് വിഹിതമായി ലഭിക്കുക. 2009-13 കാലയളവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ സര്‍ക്കാര്‍ നല്‍കും.  

 

പ്രതിരോധ വിഹിതത്തില്‍ പത്ത് ശതമാനത്തിന്റെ വര്‍ധന വരുത്തി. 2.24 ലക്ഷം കോടി രൂപയാണ് വിഹിതം. സൈന്യത്തില്‍ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നയം അംഗീകരിച്ചു.

 

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഇപ്പോഴുള്ള 1.36 ലക്ഷം കോടിയില്‍ നിന്ന്‍ 3.38 ലക്ഷം കോടി രൂപയായി വര്‍ധിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കുമായി 1200 കോടി രൂപയുടെ അധികസഹായവും പ്രഖ്യാപിച്ചു.

 

കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്കായി 100 കോടി രൂപ വകയിരുത്തി.

 

ആധാര്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചിദംബരം പറഞ്ഞു. 57 കോടി ആധാര്‍ കാര്‍ഡുകള്‍ ഇതിനകം നല്‍കി. ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. 54 ലക്ഷം ഇടപാടുകള്‍ ഈ പദ്ധതിയില്‍ നടന്നു.

 

ഭക്ഷ്യ-ഇന്ധന സബ്സിഡി 2.46 ലക്ഷം കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 12.07 ലക്ഷം കോടി രൂപയുടെ പദ്ധതിയേതര ചെലവും പ്രതീക്ഷിക്കുന്നു.

 

അരിയുടെ സംസ്കരണത്തിനും ഗതാഗതത്തിനും സേവന നികുതി ഒഴിവാക്കി. രക്തബാങ്കുകളേയും സേവന നികുതിയില്‍ നിന്ന്‍ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ എക്സൈസ് തീരുവ കുറച്ചു.