ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ

Sun, 16-02-2014 10:57:00 AM ;
ന്യൂഡല്‍ഹി

ആം ആദ്മി സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനും നിയമസഭ മരവിപ്പിക്കുന്നതിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ക് നല്‍കിയ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. തീരുമാനത്തിന് ഉടന്‍ രാഷ്ട്രപതിയുടെ അനുമതി തേടും. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍വരും.

 

 

വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുന്‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ലഫ്. ഗവര്‍ണര്‍ തള്ളി. കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നജീബ് ജങ്ക് ഈ ആവശ്യത്തെ അനുകൂലിച്ചില്ല. മറ്റൊരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുന്ന സാഹചര്യം ഇല്ലാത്തതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയത്.

 

 

ഡല്‍ഹിയില്‍ കഴിഞ്ഞവര്‍ഷം അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിച്ചത്. അഴിമതി തടയുന്നതിനുള്ള ജനലോക് പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജിവച്ചു.

 

 

ഡല്‍ഹിയില്‍ ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേണ്ടിവരും. രാഷ്ട്രപതിഭരണം നീട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും കേന്ദ്രം നീങ്ങിയേക്കാം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതായിരിക്കും.

Tags: