2014-ലേക്കുള്ള ഇടക്കാല റെയില്‍ ബജറ്റ് മന്ത്രി മല്ലികാര്‍ജുന ഖര്‍ഗെ ബുധനാഴ്ച ലോകസഭയില്‍ അവതരിപ്പിച്ചു. ഖര്‍ഗെയുടെ ആദ്യ ബജറ്റാണിത്. ബജറ്റില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഇന്ധന വിലവര്‍ധനയ്ക്ക് അനുസരിച്ച് ഇനിമുതല്‍ നിരക്ക് നിശ്ചയിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന 17 പ്രീമിയം തീവണ്ടികളും 38 എക്സ്പ്രസ് തീവണ്ടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ജമ്മു-കശ്മീരിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും റെയില്‍വേ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രി ബജറ്റില്‍ അവതരിപ്പിച്ചു. 4000 കിലോമീറ്റര്‍ പാത വൈദ്യുതവല്‍ക്കരണത്തിനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ചരക്ക് ഇടനാഴികളും ആരംഭിക്കും.
പ്രീമിയം തീവണ്ടികളില്‍ ഒന്ന്‍ തിരുവനന്തപുരം – ബെംഗലൂരു റൂട്ടിലാണ്. ആഴ്ചയില്‍ രണ്ട് തവണയായിരിക്കും സര്‍വീസ്. തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസും പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ടുതവണയുള്ള ഈ തീവണ്ടി കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓരോ സര്‍വീസ് ആണ് നടത്തുക.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ 2014-15 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവിന് അനുമതി തേടുന്ന വോട്ട് ഓണ്‍ അക്കൌണ്ട് ആയാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. തെലുങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനിടെ ആയിരുന്നു അവതരണം.
റെയില്‍വേയുടെ വരുമാനത്തിലുണ്ടായ കുറവിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ്. 2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്കുനീക്കത്തില്‍ നിന്നുള്ള വരുമാനത്തില്‍ 850 കോടി രൂപയുടെ കുറവും യാത്രാനിരക്കില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം 4000 കോടി രൂപയുടെ കുറവുമാണ് ഉണ്ടായത്.