ഐ.പി.എല്‍ ഏഴാം പതിപ്പിന് മുന്നോടിയായി ബുധനാഴ്ച നടന്ന താരലേലത്തില്‍ റെക്കോഡ് തുക നേടി യുവരാജ് സിങ്ങ്. 14 കോടി രൂപയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ യുവരാജിന് നല്‍കുന്നത്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്ന് 12.5 കോടി രൂപയുടെ വാഗ്ദാനം നേടിയ ദിനേശ് കാര്‍ത്തിക്കും ലേലത്തില്‍ അത്ഭുതമായി. 2011-ല്‍ ഗൌതം ഗംഭീര്‍ നേടിയ 11.04 കോടി രൂപ എന്ന ഉയര്‍ന്ന തുകയാണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പില്ലാത്ത ഇരുവരും മറികടന്നത്.
ആഷസ് പരമ്പരയിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെവിന് പീറ്റേഴ്സണെ 9 കോടി രൂപയ്ക്ക് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് നിലനിര്‍ത്തി. 36 പന്തില്‍ നിന്ന് സെഞ്ചുറി നേടി ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് നേടിയ ന്യൂസിലാന്‍ഡ് താരം കോറി ആന്ഡേഴ്സണ് മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 4.5 കോടി രൂപ നേടി. ആന്ഡേഴ്സണായിരിക്കും ഏറ്റവും കൂടുതല്‍ തുക നേടുക എന്നാണ് കരുതപ്പെട്ടിരുന്നത്.
ആസ്ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ ജോണ്സണ് (6.4 കോടി രൂപ, കിംഗ്സ് ഇലവന് പഞ്ചാബ്), ഗ്ലെന്‍ മാക്സ്വേല്‍ (6 കോടി രൂപ, കിംഗ്സ് ഇലവന് പഞ്ചാബ്), ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് (5 കോടി രൂപ, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്), വിരമിച്ച ദക്ഷിണാഫ്രിക്കന്‍ ആള് റൌണ്ടര്‍ ജാക്ക് കല്ലിസ് (5.5 കോടി രൂപ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്), റോബിന് ഉത്തപ്പ (5 കോടി രൂപ, കെ.കെ.ആര്), വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വയിന്‍ സ്മിത്ത് (4.5 കോടി രൂപ, ചെന്നൈ സൂപ്പര്‍ കിംഗ്സ്), അമിത് മിശ്ര (4.25 കോടി രൂപ, സണ്‍റൈസേഴ്സ് ഹൈദരാബാദ്), ആരോണ്‍ ഫിഞ്ച് (4 കോടി രൂപ, എസ്.ആര്.എച്ച്) എന്നിവരാണ് കടുത്ത ലേലം നടന്ന ചില താരങ്ങള്‍.