Skip to main content
ന്യൂഡല്‍ഹി

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ നിയമമനുസരിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പീഡനം നടന്ന സമയം പ്രതിക്കു പതിനെട്ടുവയസ്‌ തികയാന്‍ ആറുമാസംകൂടി വേണമായിരുന്നു. ഇക്കാരണത്താല്‍ പ്രതിയെ ജുവനൈല്‍ കോടതി വിചാരണ നടത്തി മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കുകയായിരുന്നു.

 

പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് പെണ്‍കുട്ടിയെ ഏറ്റവും അധികം പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ജുവനൈല്‍ ശിക്ഷാനിയമവും പ്രതിക്ക് മൂന്ന് വര്‍ഷം ശിക്ഷ നല്‍കിയ ജുവനൈല്‍ ബോര്‍ഡിന്റെ വിധിയും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതിക്ക് മാത്രമാണ് തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്നും ഹര്‍ജിയില്‍ പറയുന്നു.

 

കേസിലെ മറ്റു നാലുപ്രതികളെ വിചാരണക്കോടതി വധശിക്ഷയ്‌ക്കു വിധിക്കുകയും ചെയ്‌തു. കുട്ടിക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് ബോര്‍ഡ് നല്‍കിയത്. ബലാല്‍സംഗം, മോഷണം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായത്. പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു.