സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വികസിത രാജ്യങ്ങള്‍ സ്വീകരിച്ച സാമ്പ്രദായികമല്ലാത്ത ധനകാര്യ നടപടികളില്‍ നിന്ന്‍ പുറത്തുകടക്കുന്നത് ക്രമപ്രകാരമായ രീതിയില്‍ വേണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചാ സാധ്യതകളെ ഹനിക്കുന്ന രീതിയില്‍ ആകരുത് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വ്യാഴാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തിരിക്കുന്നതിനു മുന്‍പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാനുള്ള യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണി തിരിച്ചടി നേരിടുകയും രൂപയുടെ വിനിമയ മൂല്യം സര്‍വകാല തകര്‍ച്ച നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിങ്ങിന്റെ പ്രസ്താവന.
ഇന്ത്യക്കൊപ്പം അനൗദ്യോഗിക ബ്രിക്സ് കൂട്ടായ്മയില്‍ അംഗങ്ങളായ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും സമാനമായ സാമ്പത്തിക സാഹചര്യങ്ങളെ നേരിടുന്നുണ്ട്. യു.എസ് നടപടി ഈ രാജ്യങ്ങളെല്ലാം ഉച്ചകോടിയില്‍ ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, സിറിയക്കെതിരെയുള്ള ആക്രമണത്തെ ചൊല്ലി യു.എസും റഷ്യയും തമ്മിലുള്ള തര്‍ക്കം ഉച്ചകോടിയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.