Skip to main content
ന്യൂഡല്‍ഹി

manmohan singhരൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നിര്‍ത്തിവെക്കില്ലെന്നും മൂലധന ഒഴുക്ക് നിയന്ത്രിക്കുന്ന നടപടികള്‍ക്ക് മുതിരില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങള്‍ രൂപയുടെ തകര്‍ച്ചക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

ഹൃസ്വകാല ആഘാതങ്ങള്‍ക്ക് രാജ്യം തയ്യാറായിരിക്കണം എന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് സിങ്ങ് വാഗ്ദാനം നല്‍കി. നേരിടുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം അഭ്യര്‍ഥിച്ചു.

 

വിനിമയ നിരക്കിലെ തകര്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നിര്‍ത്തിവെക്കുകയോ മൂലധന നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. കൂടുതല്‍ പ്രയാസകരമായ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി വെട്ടിച്ചുരുക്കല്‍, വസ്തു-സേവന നികുതി നടപ്പിലാക്കല്‍ എന്നിവയിലൂടെ സമ്പദ് വ്യവസ്ഥയെ സുസ്ഥിര വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഉയര്‍ന്ന വിദേശവ്യാപാര കമ്മി, യു.എസ് ഫെഡറല്‍ റിസര്‍വിന്റെ നടപടികള്‍, സിറിയയിലെ സംഘര്‍ഷം എന്നിവയും രൂപയുടെ പെട്ടെന്നുള്ള മൂല്യത്തകര്‍ച്ചക്ക് വഴിയൊരുക്കിയതായി പ്രാധാനമന്ത്രി പറഞ്ഞു.

 

എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ അസംതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ കഷികള്‍ ലോക് സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തി.

Tags