Skip to main content

ന്യൂഡല്‍ഹി: മൂന്ന്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് താരങ്ങള്‍ക്ക് വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായി ബന്ധമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമീഷണര്‍ ലളിത് മോഡി. വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെന്നൈ ടീം മുന്‍ സി.ഇ.ഒ. ഗുരുനാഥ് മെയ്യപ്പനും മറ്റ് ടീം ഉടമകളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും മോഡി ആരോപിച്ചു.

 

വ്യാഴാഴ്ച തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് മോഡിയുടെ വെളിപ്പെടുത്തലുകള്‍. റിയല്‍ എസ്റ്റേറ്റ് വ്യവസായി ചെന്നൈ കളിക്കാര്‍ക്ക് മുംബൈയിലെ ബാന്ദ്രയിലും ഡല്‍ഹിക്കടുത്ത് നോയ്ഡയിലും ഫ്ലാറ്റ് നല്‍കിയെന്ന്‍ മോഡി ആരോപിക്കുന്നു. ഇയാള്‍ 2010-ല്‍ ഐ.പി.എല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ഈ ശ്രമം താന്‍ തടഞ്ഞതായും മോഡി കൂട്ടിച്ചേര്‍ത്തു. വ്യവസായിയുടെ പേരു വെളിപ്പെടുത്താന്‍ മോഡി തയ്യാറായില്ല.